nipah

TAGS

നിപയിൽ വീണ്ടും ആശ്വാസഫലം. രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിലായവരടക്കം 61 പേരുടെ പരോശോധനാഫലംകൂടി നെഗറ്റീവാണ്. കണ്ടെയ്ന്‍‌മെന്റ് സോണിലെ നിയന്ത്രണങ്ങൾ നിലവിലുള്ളതുപോലെ തുടരാൻ മന്ത്രിതല, പൊലീസ് യോഗത്തിൽ തീരുമാനമായി. 

നിപബാധിച്ച് മരിച്ച ഹാരിസുമായി അടുത്ത സമ്പർക്കത്തിലായ വ്യക്തിയും  അവസാനം രോഗം സ്ഥിരീകരിച്ച 39കാരനുമായി സമ്പർക്കത്തിലായ ആരോഗ്യ പ്രവർത്തകയും നെഗറ്റീവാണ്. പ്രാഥമിക സമ്പര്ക്കത്തിലായ ഇരുന്നൂറോളം രോഗമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ആശങ്ക അകലുന്നു. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം  തൃപ്തി രേഖപെടുത്തിയതായും  ആരോഗ്യമന്ത്രി പറഞ്ഞു. 

മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കണ്ടൈൻമെൻറ് സോണിലെ നിയന്ത്രണങ്ങൾ വിലയിരുത്തി. കോൺടാക്ട് ട്രേസിങ്ങിന് പൊലീസിന്റെ സഹായം തേടുന്നുണ്ട്. നിപ സംശയിക്കാവുന്ന തരത്തിൽ അസ്വാഭാവിക മരണങ്ങളുണ്ടായാൽ പൊലീസ് ആരോഗ്യവകുപ്പിനെ അറിയിക്കും. നിപ ഉറവിടം കണ്ടെത്താൻ കേന്ദ്ര മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം രോഗബാധിതപ്രദേശങ്ങളിൽ ഇന്ന് പഠനം തൂടങ്ങും.