ഒാണ്‍ലൈന്‍ ആപ് വഴി വായ്പ വാഗ്ദാനം നല്‍കി പതിനായിരം രൂപ തട്ടിയതിനൊപ്പം തെറിവിളിയും. മലപ്പുറം വണ്ടൂര്‍ മമ്പാട്ടുമൂല സ്വദേശി അഫ്സലാണ് പണം നഷ്ടമായതിനൊപ്പം നിരന്തരം ഭീഷണി നേരിട്ടത്.
ലോണ്‍ ആപ് വഴി പതിനായിരം രൂപ അയച്ചാല്‍ പത്തു മിനിട്ടിനകം പതിനായിരത്തിനു പുറമെ ഒരു ലക്ഷം രൂപ കൂടി വായ്പയായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. മമ്പാട്ടുമൂലയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കടയ്ക്ക് വേണ്ടിയാണ് അഫ്സല്‍ വായ്പ ആവശ്യപ്പെട്ടത്. ഉടന്‍ പതിനായിരം രൂപ സംഘടിപ്പിച്ച് അടച്ചെങ്കിലും പണം കിട്ടിയില്ലെന്ന് പറഞ്ഞ് വീണ്ടും വിളിവന്നു. ഇരുപതിനായിരം രൂപ കൂടി അടച്ചാല്‍ 130000 രൂപ മിനിട്ടുകള്‍ക്കകം അക്കൗണ്ടില്‍ വരുമെന്നായി തട്ടിപ്പിന്‍റെ രണ്ടാംഘട്ടം. ഇങ്ങനെയെങ്കില്‍ ലോണ്‍ ആവശ്യമില്ലെന്നും ആദ്യം അടച്ച പതിനായിരം തിരിച്ചു തരാനും ആവശ്യപ്പെട്ടതോടെ മലയാളത്തില്‍ തന്നെയുളള തെറി അഭിഷേകമായി.
മമ്പാട്ടുമൂലയിലും പരിസരങ്ങളിലുമായി ഒട്ടേറെ പേര്‍ സമാനമായ തട്ടിപ്പിന് ഇരയാവുന്നുണ്ടെന്നാണ് അഫ്സലിന്‍റെ സുഹൃത്ത് സലീമിന്‍റെ സാക്ഷ്യം. ഒാണ്‍ലൈന്‍ ആപ് തട്ടിപ്പിന് ഇരയാവുന്നവര്‍ തെറി പേടിച്ച് പറ്റിക്കുന്നവരുടെ നമ്പറുകളിലേക്ക് വിളിക്കാറുമില്ല.