vizhinjamringroad

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചരക്ക് നീക്കത്തിനുള്ള മുഖ്യപാതയായി വിഭാവനം ചെയ്ത ഔട്ടര്‍ റിങ് റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍. റോഡ് നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നോട്ടീസ് ദേശീയ പാത അതോറിറ്റി പിന്‍വലിച്ചതോടെ ഭൂമി ഏറ്റെടുപ്പുള്‍പ്പെടേയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സര്‍വ്വീസ് റോഡ് നിര്‍മാണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് റോഡ്നിര്‍മാണത്തിനുള്ള കരാര്‍ ഒപ്പിടുന്നത് സംസ്ഥാന സര്‍ക്കാര്‍ നീട്ടിവച്ചതാണ് ടെന്‍ഡര്‍ നോട്ടീസ് പിന്‍വലിക്കാനുള്ള കാരണം. 

 

ഒക്ടോബറില്‍ വിഴിഞ്ഞത്ത് നങ്കൂരമിടാന്‍ പോകുന്ന കപ്പല്‍ ചൈനയില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു. ഏറ്റവും നിര്‍ണായകമായ ഈ ഘട്ടത്തിലും തുറമുഖത്തെ ദേശീയ പാത 66മായി ബന്ധിപ്പിച്ച്, ചരക്ക് നീക്കം സുഗമമക്കാനുള്ള  വിഴിഞ്ഞം–നാവായിക്കുളം റിങ് റോഡ് നിര്‍മാണം ഭൂമിയേറ്റെടുപ്പ് പോലും പൂര്‍ത്തിയാകാതെ വഴിമുട്ടി നില്‍ക്കുകയാണ്.  45 മീറ്റര്‍ ദേശീയപാതയും 25 മീറ്റര്‍ സര്‍വ്വീസ് റോഡും എന്നതായിരുന്നു റിങ് റോഡ് പദ്ധതി. സര്‍വ്വീസ് റോഡ് നിര്‍മാണവും അതിനായുള്ള ഭൂമിയേറ്റെടുപ്പും സംസ്ഥാനത്തിന്‍റെ ചുമതലയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഈ ചെലവ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുന്നു. ഇതേതുടര്‍ന്ന്  ദേശീയ പാത 30 മീറ്റര്‍ ആയി ചുരുക്കി ബാക്കി പതിനഞ്ച് മീറ്ററില്‍ മാത്രം സര്‍വ്വീസ് റോഡ് പണിയാന്‍ ദേശീയ പാത അതോറിറ്റി തീരുമാനിച്ചു. പതിനഞ്ച് മീറ്റര്‍ സര്‍വ്വീസ് റോഡ് പണിയുന്നതിലും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. ഈ സാഹചര്യത്തിലാണ് ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ടെന്‍ഡര്‍ നോട്ടീസുകള്‍ പിന്‍വലിച്ചത്. പതിനഞ്ച് മീറ്റര്‍ സര്‍വ്വീസ് റോഡ്  പണിയാനുള്ള ചെലവ് ഏറ്റെടുക്കുന്നതുള്‍പ്പെടുള്ള വ്യവസ്ഥകള്‍ അംഗീകരിച്ച് നിര്‍മാണ കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടാല്‍ മാത്രമെ ഇനി നോട്ടീസുകള്‍ പ്രസിദ്ധീകരിക്കൂ. കഴിഞ്ഞ മേയ് മുതല്‍ ദേശീയ പാത അതോറിറ്റി തടഞ്ഞുവച്ചിരിക്കുന്ന ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനവും ഇതിനുശേഷമേ ഉണ്ടാകൂ.