
പുതുപ്പള്ളിയില്‍ മല്‍സരിച്ചത് ചാണ്ടി ഉമ്മന്‍ ആയിരുന്നെങ്കിലും പ്രചാരണത്തിലുടനീളം നിറഞ്ഞുനിന്ന പേരായിരുന്നു സഹോദരി അച്ചു ഉമ്മന്‍റേത്. പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്‍റെ ഉജ്വല വിജയത്തിന് പിന്നാലെ അച്ചു നടത്തിയ പ്രതികരണവും അതുപോലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
‘53 കൊല്ലം ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു എന്ന് നിങ്ങള്‍ ചോദിച്ചു. ഇതിന് ഇന്ന് പുതുപ്പള്ളി മറുപടി നല്‍കി. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെത്തന്നെ ഇവിടെ മതി എന്നാണ് ജനങ്ങളുടെ തീരുമാനം.’ അഞ്ചരപ്പതിറ്റാണ്ട് ഉമ്മന്‍ ചാണ്ടി ഉള്ളം കയ്യില്‍ കൊണ്ടുനടന്ന പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്‍റെ കയ്യില്‍ ഭദ്രമായിരിക്കുമെന്നും അച്ചു ഉമ്മന്‍. ഈ വാക്കുകളാണ് സൈബര്‍ ഇടങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര മുതല്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വരെയുള്ള കാലയളവ് അച്ചു ഉമ്മന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സമയമായിരിക്കും. ദിവസങ്ങള്‍ നീണ്ട വിലാപയാത്രയിലുടനീളം അച്ചു ഉമ്മന്റെ പരാമര്‍ശങ്ങളും സംസാരരീതിയുമെല്ലാം ശ്രദ്ധിച്ചവര്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി അവരെ ഉയര്‍ത്തിക്കാട്ടി. പുതുപ്പള്ളിയില്‍ അച്ചുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു. കോണ്‍ഗ്രസിലും ചര്‍ച്ചയുണ്ടായി. എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന മുന്‍തീരുമാനത്തില്‍ അച്ചു ഉറച്ചുനില്‍ക്കുകയായിരുന്നു.
എന്നാല്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അച്ചു ഉമ്മനെതിരെ കടുത്ത സൈബര്‍ ആക്രമണം തുടങ്ങി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം. അച്ചു സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയുടെ മകള്‍ ആഡംബരജീവിതം നയിക്കുകയാണെന്നായിരുന്നു പ്രചാരണം. വ്യക്തിപരമായി സ്ത്രീയെന്ന നിലയില്‍ അവര്‍ അങ്ങേയറ്റം അശ്ലീല അധിക്ഷേപങ്ങള്‍ നേരിട്ടു. ഇടതുസഹയാത്രികരായ ആളുകളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നായിരുന്നു ദുഷ്പ്രചരണം. വ്യാജസ്ക്രീന്‍ഷോട്ടുകള്‍ വരെ ഇതിനായി സൃഷ്ടിച്ചു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ തള്ളിപ്പറഞ്ഞെങ്കിലും പ്രചാരണത്തിന്റെ അവസാനഘട്ടം വരെ ഇത് തുടര്‍ന്നു.
ആക്രമണം കടുക്കുന്തോറും പ്രചാരണരംഗത്ത് അച്ചു കൂടുതല്‍ സജീവമാകുകയാണ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ത്തന്നെ വസ്തുതകള്‍ തുറന്നുപറഞ്ഞ് മുന്നോട്ടുപോകുകയും ചെയ്തു. വിവാദങ്ങളോടുള്ള പരസ്യപ്രതികരണങ്ങളെല്ലാം പക്വതയോടെയുള്ളതായിരുന്നു എന്നതും അച്ചു ഉമ്മന്റെ വിജയമായി. ഒടുവില്‍ പുതുപ്പള്ളിയിലെ യഥാര്‍ഥപോരാട്ടം വിജയം കണ്ടതോടെ അവര്‍ ശരിക്കുള്ള മറുപടി നല്‍കുകയും ചെയ്തു. തന്നെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമാണ് ചാണ്ടി ഉമ്മന്റെ വിജയം എന്ന പരാമര്‍ശമാണ് സൈബര്‍ ആക്രമണങ്ങളോട് അച്ചു ഇതുവരെ നടത്തിയ ഏറ്റവും തീവ്രമായ പ്രതികരണം. അവര്‍ അത് പറയുംമുന്‍പുതന്നെ പുതുപ്പള്ളിക്കാര്‍ അക്കാര്യം തീരുമാനിച്ചിരുന്നു എന്നുമാത്രം.
Achu Oommen's response on puthupally byelection result