പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ പ്രചാരണത്തില്‍ ഉടനീളം ഉമ്മന്‍ചാണ്ടിയുടെ ഒരു സ്മാരകമുണ്ട്. വര്‍ഷങ്ങളായി ഉമ്മൻ ചാണ്ടിയുടെ സന്തതസഹചാരിയായിരുന്ന ഒന്ന്. റോഡിലേക്ക് നോക്കുന്ന പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ചാണ്ടി മരിച്ചിട്ടില്ലെന്ന് ഒരുനിമിഷം ഓര്‍ത്തുപോകുന്ന ഒരു സ്മാരകം. ഒരു എംഎൽഎ ബോർഡും വയ്ക്കാതെ ഉച്ചത്തിൽ ഫോൺ പോലും അടിക്കാതെ ഉമ്മൻ ചാണ്ടിയെയും കൊണ്ട് ഇവൻ കടന്നു ചെല്ലാത്ത ഇടമില്ല. KL-01. CK - 4545.
ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിലെ ചെറിയ വിശ്രമത്തിന് ശേഷം ഇവൻ വീണ്ടും വലിയ തിരക്കിലാണ്. ദിവസവും രാവിലെ മറിയാമ്മ ഉമ്മനെ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ അടുത്ത് എത്തിച്ചശേഷം പ്രചാരണത്തിരക്കിലേക്ക് തിരിക്കും. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ഉമ്മൻ ചാണ്ടി യാത്രകൾക്ക് ആശ്രയിച്ചിരുന്നത് മറ്റുള്ളവരുടെ വാഹനങ്ങളാണ്. അങ്ങനെയിരിക്കെയാണ് മകൾ അച്ചു ഉമ്മൻ അഞ്ചുവർഷം മുൻപ് ഈ കാർ സമ്മാനിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പ്രവർത്തകർക്കാവേശമായി ഉമ്മൻചാണ്ടി നടന്നതിന്റെ ഓർമ്മയും കാറിലുണ്ട്