
സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു. യൂനാനി ചികിൽസാരീതി അന്ധവിശ്വാസം മാത്രമാണെന്നും സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളിൽ പലതിലും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
‘അത് ശാസ്ത്രമേയല്ല.! സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്.യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്. അതൊരു അന്ധവിശ്വാസം. ശാസ്ത്രീയ ചികിത്സാരീതിയെ അല്ല. മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചർച്ച നിലച്ച മട്ടാണ്.അതങ്ങനെ നിൽക്കട്ടെ.അതാണ് കേരളത്തിന് നല്ലത്. എന്നാൽ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടർച്ചയായി, ശക്തമായി ചർച്ചചെയ്യപ്പെടണം.അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്. സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൾ. യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം. അത് മിത്തല്ല. ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.പാൽനിലാവിന് മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്പരമായി മാറിയ ശ്രീ സിദ്ദിഖിന് ആദരാഞ്ജലി’
ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നുവെന്നും ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു.