nipun

TAGS

ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് 4 മാസം തടവും 2,000 രൂപ പിഴയും. ഹൈക്കോടതി ജഡ്ജിക്കെതിരായ അഴിമതി ആരോപണത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ശിക്ഷ. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും, മാപ്പ് പറയില്ലെന്നും കോടതി വിധിയോട് നിപുണ്‍ ചെറിയാൻ പ്രതികരിച്ചു.

ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ പൊക്കാളി കൃഷി സംബന്ധിച്ച് ജസ്റ്റിസ് എൻ.നഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും വി ഫോർ കൊച്ചിയിലെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനായിരുന്നു നിപുൺ ചെറിയാനെതിരായ കോടതിയലക്ഷ്യ കേസ്. 2022 നവംബറിൽ സ്വമേധയ എടുത്ത കേസിൽ നേരിട്ട് ഹാജരാകാൻ പലതവണ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും നിപുൺ തയ്യാറായില്ല. തുടർന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. താൻ കോടതിയലക്ഷ്യ നടപടിയൊന്നും ചെയ്തില്ലെന്ന് സ്വയം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നിപുൺ കോടതിയലക്ഷ്യക്കുറ്റം ചെയ്തെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നാലുമാസം തടവിന് ശിക്ഷിച്ചത്. 2000 രൂപ പിഴയുമടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. അപ്പീൽ നൽകാനായി ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന നിപുണിന്റെ ആവശ്യം കോടതി തള്ളി. ശിക്ഷ അനുഭവിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചോളൂ എന്നും, വിദ്യാസമ്പന്നർ കോടതിയലക്ഷ്യം നടത്തിയാൽ അംഗീകരിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. താൻ പൊക്കാളി കർഷകർക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും, മാപ്പ് പറയില്ലെന്നും നിപുണ്‍ ചെറിയാൻ പ്രതികരിച്ചു.