jarsha

താനൂർ ബോട്ടപകടത്തിൽ ഉമ്മയേയും സഹോദരനേയും 6 കളിക്കൂട്ടുകാരേയും നഷ്ടമായ ഒൻപത് വയസുകാരി ജർഷ ആദ്യ അധ്യയനദിവസങ്ങളില്‍ സ്കൂളിലേക്കില്ല. നെടുവ സൗത്ത് എഎംഎൽപി സ്കൂളിലെ വിദ്യാർഥിയായ ജർഷ തിരൂരങ്ങാടി ജനറൽ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. 

 

 കണ്ണടച്ച് തുറക്കും മുൻപേയാണ് എല്ലാം അവൾക്ക് നഷ്ടമായത്. മാതാവും സഹോദരനും ഒപ്പം കളിച്ചു നടന്ന കളിക്കൂട്ടുകാരും ഇന്നില്ല. ബോട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ജർഷ ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്നവരുടെ മരണവാർത്തയറിഞ്ഞ് മനസാകെ തകർന്നു. അപകടമേൽപ്പിച്ച ആഘാതത്തിൽ നിന്ന് മുക്തി നേടാനുള്ള ചികിത്സയിലാണ് ഇപ്പോള്‍

 

പുറമെ ചിരിച്ചും കളിച്ചും മകളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ജാബിർ. പഴയ പ്രസരിപ്പോടെ മകളെ തിരികെ ലഭിക്കാനുളള കാത്തിരുപ്പിലാണദ്ദേഹം‍. ബോട്ടപകടത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ജാബിറിന്റെ  പ്രതീക്ഷയാണ് ജെർഷ.