the-kerala-story-vd-satheessan

റിലീസിന് മുമ്പ് തന്നെ വിവാദമായ ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധം. ന്യൂനപക്ഷങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് സിനിമയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. മുസ്‌ലിം യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും അടക്കം സിനിമയ്ക്കെതിരെ പ്രതിഷേധം ഉയർത്തി. 

 

മെയ് അഞ്ചിന് തിയറ്ററുകളിലെത്തുന്ന ദ കേരള സ്റ്റോറിയുടെ ട്രെയിലർ ആണ് വിവാദത്തിന് തുടക്കമിട്ടത്. ഐ.എസ് റിക്രൂട്ട്‌മെന്റിനായി ഇസ്‌‍ലമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശർമ, യോഗിത ബിഹാനി,സോണിയ ബാലാനി,സിദ്ധി ഇദ്നാനി എന്നിവരാണ് അഭിനേതാക്കൾ. സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രം മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നും വി.ഡി.സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

 

നിങ്ങള്‍ പറയുന്ന  ദ കേരള സ്റ്റോറി  ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ലെന്നും ഈ കേരളം നിങ്ങളുടെ സംഘപരിവാര്‍ ഭാവനയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കേരളമാണെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽമാങ്കൂട്ടത്തലിന്റെ പ്രതികരണം. കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്‌ലിം വിഭാഗം രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസും ചിത്രം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും സർക്കാർ നടപടി സ്വുകരിക്കണമെന്നും ഡിവൈഎഫ്ഐയും ആരോപിച്ചു.

 

Kerala leaders urged the government not to give permission to screen the controversial movie ‘The Kerala Story’