വെള്ളനാട്: ജനവാസമേഖലയിൽ കരടി എത്തിയതിന്റെ നടുക്കവും അമ്പരപ്പുമായി വെള്ളനാട്ടുകാർ. എവിടെ നിന്ന് കരടി എത്തിയത് എന്നതിൽ അവ്യക്തത. കാട്ടുപന്നിയുടെയും കുരങ്ങൻമാരെയുമാല്ലാതെ  ഇൗ പ്രദേശങ്ങളിൽ ഇതുവരെ ആരും കരടിയെ കണ്ടിട്ടില്ല. ഇവിടെ നിന്ന് വനപ്രദേശത്ത് എത്താനും കിലോമീറ്ററുകൾ താണ്ടണം. വ്യക്തത വരുത്താൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. 

 

ഇന്നലെ പുലർച്ചെ ഒന്നോടെ കണ്ണംമ്പള്ളി ശ്രീവിലാസത്തിൽ വിജയന്റെ വീടിന്റെ പിറകുവശത്തെ കോഴിക്കൂടിന്റെ വാതിൽ ആണ് കരടി ആദ്യം തകർത്തത്. ഇതിനുള്ളിൽ കോഴികൾ  ഇല്ലായിരുന്നു.  സമീപത്തെ രണ്ടാമത്തെ കോഴിക്കൂടിന്റെ വാതിൽ തകർത്തു.ഇതിനുള്ളിൽ ഉണ്ടായിരുന്ന 15 കോഴികളിൽ രണ്ടെണ്ണത്തിനെ കടിച്ചു കുടഞ്ഞതിന്റെ അവശിഷ്ടങ്ങൾ സമീപത്ത് ഉണ്ടായിരുന്നു.

 

ശേഷിച്ച കോഴികൾ പറന്നു പോയി. എത്ര എണ്ണത്തെ കെ‌ാന്നു എന്നതിൽ വീട്ടുകാർക്കും വ്യക്തത ഇല്ല. ഇൗ കോഴി‍ക്കൂടിനോട് ചേർന്നാണ് പശു‍ത്തൊഴുത്ത്. പശുക്കളുടെ കരച്ചിൽ കേട്ട് വിജയന്റെ കുടുംബം എത്തിയപ്പോൾ കരടി പോകുന്നത് കണ്ടത്. വീട്ടുകാർ ലൈറ്റ് തെളിച്ചപ്പോൾ കരടിയും വലയുമായി കിണറ്റിനുള്ളിലേക്ക് വീണതു കണ്ടെന്ന് പ്രഭാകരൻ നായർ പറഞ്ഞു. പത്തിലധികം തവണ കരടി കിണറിന് മുകളിലേക്ക് കയറി വന്നെങ്കിലും സിമന്റ് പൂശിയ സംരക്ഷണഭിത്തിയിൽ കയറാനാകാതെ താഴേക്ക് വീണു.  

 

കിണറ്റിൽ അകപ്പെട്ട കരടി പരാക്രമം തുടർന്നു. കിണറിന്റെ തെ‌ാടികളിൽ കരടിയുടെ കാൽപാടുകൾ കാണാമായിരുന്നു. കിണറിനുള്ളിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റിന്റെ വയറും പൈപ്പും പമ്പ് സെറ്റ് കെട്ടിയിരുന്ന കയറും കരടി കടിച്ചു മുറിച്ചതായി  പ്രഭാകരൻ പറഞ്ഞു. കരടി നിൽക്കുന്നതിന് താഴെ  ഇറക്കിയ റിങ് നെറ്റിൽ കെട്ടിയ കയറും കടിച്ചു മുറിക്കാനും ശ്രമിച്ചു. ബുധൻ രാത്രി പതിനൊന്നരയോടെ സമീപത്തെ ശശിയുടെ വീട്ടിലെ കോഴിക്കൂട് തകർത്തതായും 4 കോഴികളെ കാണാനില്ലെന്നും നാട്ടുകാർ പറയുന്നു. 

 

വീഴ്ച പറ്റിയോ വനംവകുപ്പിന് ?

 

കിണറ്റിനുള്ളിൽ വീണ കരടിയുടെ ജീവനെടുത്തത് വനം വകുപ്പിന്റെ  വീഴ്ചയെന്ന് ആരോപണം. കിണറ്റിനുള്ളിലെ വെള്ളത്തിന്റെ ആഴം പരിശോധിക്കാനോ വീട്ടുകാരോട് ചോദിച്ചു മന‍സ്സിലാക്കാനോ തയാറായില്ല. വെള്ളത്തിലോ, വെള്ളത്തിനു സമീപത്തോ ഉള്ള ജീവിയെ മയക്കു വെടിവയ്ക്കാറില്ല. ഇതു ലംഘിച്ചു. 

 

അഗ്നിരക്ഷാ സേന നെടുമങ്ങാട് യൂണിറ്റിലെ ഫയർമാൻമാരായ സുജിത് കൃഷ്ണനും അജേഷ് കുമാറും കിണറ്റിൽ ഇറങ്ങിയാണ് കരടിയെ കരയ്ക്കെത്തിച്ചത്. മയക്കു വെടിവച്ച് കരടിയെ കരയ്ക്കെടുക്കാനുള്ള പദ്ധതി നടപ്പാക്കിയതിൽ വീഴ്ച പറ്റിയെന്ന് കരടിയെ വെടിവച്ച ഡോ. അലക്സാണ്ടർ ജേക്കബ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

 

രണ്ടാമത്തെ മയക്കു വെടി തുടയിൽ കെ‌ാണ്ട് 15 മിനിറ്റ് കഴിഞ്ഞതോടെ കരടി മയങ്ങി. കിണറ്റിനുള്ളിൽ വനംവകുപ്പ് ഇറക്കിയ റിങ് നെറ്റിൽ ആണ് കരടി നിന്നത്. മയക്കുവെടി വച്ച് മയങ്ങി റിങ് നെറ്റിൽ വീഴുമ്പോൾ ഉയർത്തി കരടിയെ പുറത്തെടുക്കാം എന്നാണ് കരുതിയത്. കരടിയുടെ പിറക് വശത്ത് ഭാരം കൂടുതലായതിനാൽ മുകളിലേക്ക് വലിച്ചെടുക്കുന്ന നേരത്ത് ഇൗ വശത്തെ റിങ് നെറ്റിൽ കെട്ടിയിരുന്ന കയർ പെ‌ാങ്ങിയില്ല. കരടി ഇതിലൂടെ ഉൗർന്നു വെള്ളത്തിലേക്ക് പോയി. കുറച്ച് നേരം കരടി നെറ്റിൽ പിടിച്ചിരുന്നെങ്കിലും വെള്ളത്തിലേക്ക് വീണു.  കിണറ്റിനുള്ളിൽ നിന്നു കരടിയെ പുറത്തെടുക്കാൻ എല്ലാ മുൻകരുതലും എടുത്തിരുന്നതായാണ് വനം വകുപ്പിന്റെ വിശദീകരണം. 

 

കരടി കോഴിയെ തിന്നുമോ? 

 

കരടി കോഴിയെ തിന്നുമോ എന്നതായിരുന്നു ഇന്നലെ ജനം ചർച്ചചെയ്തത്. മിശ്രഭുക്കുകളായ കരടികൾ സാഹചര്യമനുസരിച്ച് മാംസാഹാരവും സസ്യാഹാരവും സ്വീകരിക്കുമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ. മത്സ്യവും തേനുമാണ് കൂടുതൽ ഇഷ്ടം. ഇലകൾ, കിഴങ്ങ്, മുട്ടകൾ, പഴങ്ങൾ. ചെറു സസ്തനികൾ. ചിതലുകൾ തുടങ്ങിയ ഷഡ്പദങ്ങൾ എന്നിവയും ഭക്ഷിക്കാറുണ്ട്. 

 

കേരളത്തിലെ  വനമേഖലകളിൽ കാണപ്പെടുന്നവയെ മടിയൻ കരടിയെന്നാണ് വിളിക്കുന്നത്. അലസ സ്വഭാവമാണ് കാരണം. പന്നിക്കരടി എന്ന പേരിലും ഇവ അറിയപ്പെടുന്നു. എണ്ണത്തിൽ കുറവായ ഇവ നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ, ചോലവനങ്ങൾ എന്നിവിടങ്ങളിൽ കാണാറുണ്ട്.  പെട്ടെന്ന് പ്രകോപിതരാകുകയും, ആക്രമിക്കുകയും ചെയ്യും. മനുഷ്യർ പ്രകോപിപ്പിച്ചാൽ ഉപദ്രവിക്കും. മുഖത്തടിച്ച ശേഷം കടിച്ചു കീറുകയാണ് ചെയ്യുക. നല്ല ഘ്രാണ ശക്തിയുണ്ട്.   

 

rescue op fails in TVM, tranquilized bear dies in well