ബ്രഹ്മപുരം കത്തിയശേഷം പെയ്ത ആദ്യത്തെ മഴയില്‍ ആസിഡ് സാന്നിധ്യമില്ലെന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റിപ്പോര്‍ട്ട് തള്ളി ശാസ്ത്രനിരീക്ഷകനും ആരോഗ്യവിദഗ്ധനുമായ ഡോ. എ.രാജഗോപാല്‍ കമ്മത്ത്. ബ്രഹ്മപുരത്തെ പുകയും വ്യവസായ ശാലകളിലെ മാലിന്യവും നിറഞ്ഞ വായു കൊച്ചിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തേക്കാണ് നീങ്ങുക. കുസാറ്റ് സ്ഥിതി ചെയ്യുന്നത് വടക്കുഭാഗത്താണ്. അവിടെ രാസമാലിന്യം പരക്കാനുള്ള സാധ്യത കുറവാണ്. കുസാറ്റ് സാംപിള്‍ എടുത്തത് ക്രമപ്രകാരമല്ല. വ്യാഴാഴ്ച വൈകിട്ട് പെയ്ത മഴയില്‍ ആസിഡ് സാന്നിധ്യമില്ലെന്ന് പറയാനുള്ള അടിസ്ഥാന വിവരങ്ങള്‍ അതില്‍ ഇല്ലെന്നും ഡോ. കമ്മത്ത് പ്രതികരിച്ചു. ഒരിടത്തുനിന്ന് മാത്രമാണ് സാംപിള്‍ എടുത്തത്. കൊച്ചിയുടെ വിവിധമേഖലകളിലും പ്രാന്തപ്രദേശങ്ങളിലും നിന്ന് ശരിയായ രീതിയില്‍ സാംപിള്‍ ശേഖരിക്കണമായിരുന്നു. കുസാറ്റിന്റെ നടപടി അശാസ്ത്രീയവും കൊച്ചിക്കാരോടുള്ള ദ്രോഹവുമാണ്. ഇത്തരത്തില്‍ അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് ശാസ്ത്ര–സാങ്കേതിക സര്‍വകലാശാലയ്ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. 

ബ്രഹ്മപുരത്തെ പുക അടങ്ങിയശേഷം കൊച്ചിയില്‍ പെയ്ത ആദ്യമഴയില്‍ ആസിഡ് സാന്നിധ്യമുണ്ടെന്ന് ലിറ്റ്മസ് ടെസ്റ്റ് നടത്തി ഡോ. രാജഗോപാല്‍ കമ്മത്ത് വാദിച്ചിരുന്നു. ബ്രഹ്മപുരം തീപിടിത്തതിന് പിന്നാലെ പല ജില്ലകളിലും അമ്ലമഴയ്ക്ക് സാധ്യതയുണ്ടെന്ന് മലിനീകരണനിയന്ത്രണബോര്‍ഡും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെല്ലാം ശേഷം വന്ന കുസാറ്റ് റിപ്പോര്‍ട്ടില്‍ ഈ വാദങ്ങള്‍ തള്ളിയിരുന്നു.