ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണ്‍ ഇന്ന് ചുമതലയേല്‍ക്കുമെന്ന് സൂചന. തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമാകും. എ.എ. അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നേതൃമാറ്റം.
കഴിഞ്ഞ ഒക്ടോബറില്‍ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനമാണ് നാലാം തവണയും എഎ അസീസിനെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മാസങ്ങള്‍ക്കകം പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്. ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന 82 കാരനായ എഎ അസീസ് സൂചിപ്പിച്ചിരുന്നു. കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെയാണ് അസീസ് അന്തിമതീരുമാനമെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നേതൃമാറ്റം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
2014 ല്‍ ആർഎസ്പിയുമായി ലയിക്കുന്ന കാലത്ത് ആര്‍എസ്പി ബിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷിബു ബേബിജോണ്‍. സംസ്ഥാനസമ്മേളനകാലത്ത് തന്നെ ഷിബുവിന്റെ പേര് ഉയർന്നെങ്കിലും സമവായമായിരുന്നില്ല. എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുളളവര്‍ക്കും ഷിബുവിനെ ചുമതലയേല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് വിവരം. ഇനി സംസ്ഥാന സമിതിയുടെ പ്രഖ്യാപനം മാത്രമാണ് ബാക്കി.
shibu baby john to become RSP secretary