kerala

എയിംസ് ഉള്‍പ്പടെ കേരളത്തിന്‍റെ ദീര്‍ഘകാല ആവശ്യങ്ങളോട് മുഖം തിരിച്ച് കേന്ദ്ര ബജറ്റ്. വായ്പാ പരിധി ഉയര്‍ത്തണമമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. മൂലധന ചെലവിനായി നല്‍കുന്ന പലിശരഹിത വായ്പ തുടരാനുള്ള തീരുമാനം ആശ്വാസമാണെങ്കിലും അതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കുകയാണ്. ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

 

എയിംസ് അനുവദിക്കണം എന്നത് ദീര്‍ഘകാലമായി കേരളം ഉന്നയിക്കുന്ന ആവശ്യമാണ്. ഇത്തവണത്തെ ബജറ്റിലും അക്കാര്യം പരിഗണിച്ചില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണം എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പദ്ധതികള്‍ ആവിഷ്കരിക്കണം എന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കേരളത്തോടുള്ളത് ക്രൂരമായ അവഗണനയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ നിയന്ത്രണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേരളം ആരോപിക്കുന്നു. 6.4 ശതമാനം ധനകമ്മിയുള്ള കേന്ദ്രസര്‍ക്കാരാണ് സംസ്ഥാനങ്ങളുടെ ധനകമ്മി 3.5 ശതമാനമായി നിശ്ചയിച്ചത്. വായ്പാപരിധി ജി.എസ്.ഡി.പിയുടെ നാലുശതമാനമാക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കഴിഞ്ഞതവണത്തേതുപോലെ മൂന്നില്‍ തുടരുകയാണ്. ഊര്‍ജമേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങള്‍ പരിശോധിച്ച് ദശാംശം അഞ്ചുശതമാനം അധികം വായ്പയെടുക്കാമെന്നുമാത്രം. 

 

തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുറച്ചതും കേരളത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികളുടെ വിഹിതത്തിലും കുറവുണ്ട്. ഭക്ഷ്യസുരക്ഷ, വിളസംഭരണം എന്നിവയുടെ വിഹിതവും വെട്ടിക്കുറച്ചു. അസംസ്കൃത റബറിന്‍റെ ഇറക്കുമതി തീരുവ കൂട്ടിയത് സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. മൂലധന ചെലവിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പ ഒരു വര്‍ഷം കൂടി തുടരാനുള്ള തീരുമാനം സംസ്ഥാനത്തിന് ആശ്വാസകരമാണ്. ആയിരം കോടിയോളം രൂപ ഈയിനത്തില്‍ ലഭിക്കുമെന്നണ് സംസ്ഥാന ധനവകുപ്പ് കണക്കുകൂട്ടുന്നത്. എന്നാല്‍ ഇതിന് ഏര്‍പ്പെടുത്തുന്ന നിബന്ധനകളെ കേരളം എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.