കോംപൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ ഉയർത്തി കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രബജറ്റ്. എന്നാല്‍ എയിംസും വന്ദേഭാരത് ട്രെയിനും പ്രഖ്യാപിച്ചില്ല. ഇന്ത്യയുടെ ഗ്രാമീണമേഖലയുടെ നട്ടെല്ലായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം കുറച്ചു.
നൈപുണ്യ വികസനത്തിന് രാജ്യാന്തര സ്കില്‍ കേന്ദ്രങ്ങള്‍ 30 എണ്ണം പ്രഖ്യാപിച്ചതിലൊന്ന് തിരുവല്ലയില്‍. കോംപൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തിയത് കേരളത്തിലെ റബർ കർഷകർക്ക് വലിയ ആശ്വാസമാകും. ഭരണ-പ്രതിപക്ഷ ഭേദമന്യേ കേരളത്തിൽ ജനപ്രതിനിധികൾ ഒരേപോലെ ആവശ്യപ്പെട്ടതാണ് വന്ദേഭാരത് ട്രെയിനും എയിംസും. എന്നാൽ രണ്ട് പദ്ധതികളും കേന്ദ്ര ബജറ്റിലില്ല. തീരെ പ്രതീക്ഷയില്ലാതിരുന്ന എന്നാല്‍ സംസ്ഥാന സർക്കാരിന്റെ ആവശ്യമായി ഉണ്ടായിരുന്ന സിൽവർലൈനും ഇല്ല. കേരളത്തിന് പദ്ധതികളെയില്ല എന്ന വിമർശനങ്ങൾക്ക് ബിജെപി മറുപടിയിങ്ങനെ.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുത്തനെ കുറച്ചു. 60,000 കോടി രൂപയാണ് നീക്കിയിരിപ്പ്. പ്രധാനമന്ത്രി ഭവന പദ്ധതിക്ക് 79,590 കോടിയും ജൽ ജീവൻ പദ്ധതിക്ക് 70,000 കോടിയും വൈദ്യുതി വാഹന നിർമാണത്തിന് 5,172 കോടിയും ബജറ്റ് വിഹിതമുണ്ട്. വടക്കുകിഴക്കൻ മേഖലയുടെ അടിസ്ഥാന വികസനത്തിന് 2,491 കോടിയും അനുവദിച്ചു.