മുന്‍ഗണനാവിഭാഗത്തില്‍പെട്ടവര്‍ക്ക് കോവിഡ് കാല സഹായമായി കേന്ദ്രം അനുവദിച്ച അരി റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുന്നു. വിതരണ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ മറ്റേതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാത്തപക്ഷം ഇത് നശിച്ചുപോകും
നിലവിലുള്ള റേഷന്‍ വിഹിതത്തിന് പുറമേ മഞ്ഞ പിങ്ക് കാര്‍ഡുകാര്‍ക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പുമാണ് മാസം തോറും സൗജന്യമായി നല്‍കിയിരുന്നത്. പിന്നീടത് അരി മാത്രമാക്കി. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഡിസംബറില്‍ കേന്ദ്രം പദ്ധതി നിര്‍ത്തലാക്കി. പക്ഷെ 30 ക്വിന്റല്‍ അരിവരെ പല കടകളിലും ഇപ്പോഴും വിതരണം ചെയ്യാതെ കിടപ്പുണ്ട്.
പലയിടത്തും പുതിയതായി വരുന്ന് സ്റ്റോക്ക് സൂക്ഷിക്കാന്‍ പോലും സ്ഥലമില്ല. ഈ പോസ് മെഷീനില്‍ ആവശ്യമായ ക്രമീകരണം വരുത്താതെ വകമാറ്റി നല്‍കാനും കഴിയില്ല. അടുത്തമാസം മുതല്‍ റേഷന്‍കടകള്‍ വഴി ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അത് നടപ്പായാല്‍ കെട്ടിക്കിടക്കുന്ന അരി പൂര്‍ണമായും നശിച്ചുപോകും.