ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്കും പ്രത്യേകിച്ച് കേരളത്തിനും ബനഡിക്ട് എന്ന പേരിന്റെ മലയാള അര്‍ഥം പോലെ അനുഗ്രഹദായകമായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ വലിയ ഇടയനായിരുന്ന കാലം. കേരളത്തിന് പ്രഥമ വിശുദ്ധയെ അനുഗ്രഹിച്ചു നല്‍കിയ അദ്ദേഹത്തിന്റെ കാലത്താണ് രണ്ടു കര്‍ദിനാള്‍മാരും വാഴിക്കപ്പെട്ടത്.
2008 ഒക്‌ടോബർ 12നാണ് വിശുദ്ധ അൽഫോൻസാമ്മ ഉൾപ്പെടെ നാലു പേരെ മാർപാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചത്. 2007 ജൂൺ ഒന്നിന് അൽഫോൻസാമ്മയുടെ വിശുദ്ധപദ പ്രഖ്യാപന തീരുമാനത്തിൽ ഒപ്പുവച്ചതും ബെനഡിക്‌ട് പതിനാറാമനായിരുന്നു. .ഇന്ത്യയിൽ നിന്നു വലിയ നിര നേതാക്കളും ബിഷപ്പുമാരും അൽഫോൻസാമ്മയുടെ നാമകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ സംഘത്തിന്റെ സാന്നിധ്യം മാർപാപ്പ പ്രസംഗത്തിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്‌തു.
തേവർപറമ്പിൽ കുഞ്ഞച്ചനെയും സിസ്‌റ്റർ എവുപ്രാസ്യയെയും വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതും ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, മദർ ഏലീശ്വ, ഫാ. അഗസ്‌റ്റിൻ ജോൺ ഊക്കൻ, മാർ മാത്യു മാക്കീൽ, പൂതത്തിൽ തൊമ്മിയച്ചൻ, മദർ പേത്ര, ഫാ. ആന്റണി തച്ചുപറമ്പിൽ എന്നിവരെ ദൈവദാസരായി പ്രഖ്യാപിച്ചതും ബനഡിക്ട് പതിനാറാമനാണ്. . കദളിക്കാട്ടിൽ മത്തായച്ചനെ 2010ൽ ധന്യനായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ 2012 ജനുവരി ഏഴിന് കര്‍ദിനാളായി പ്രഖ്യാപിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായെ കര്‍ദിനാളായി ഉയര്‍ത്തിയ് 2012 നവംബര്‍ നാലിനാണ്. സഭയുടെ മുഖപത്രമായ ഒസെർവത്തോരെ റൊമാനോയുടെ മലയാളം പതിപ്പിറങ്ങിയതും അദ്ദേഹത്തിന്റെ കാലത്താണ്.