വൈക്കം മറവൻതുരുത്തിൽ സർക്കാർ യു.പി .സ്കൂളിലെ മരം വെട്ടി സി.പി.എം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീട് നിർമ്മാണം നടത്തിയെന്ന പരാതിയിൽ വിശദീകരണവുമായി പഞ്ചായത്ത്. മുറിച്ച മരം കരാറുകാരനിൽ നിന്ന് വില കൊടുത്ത് വാങ്ങി വീടുപണിക്കായി ഉപയോഗിച്ചതാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. അതേസമയം വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് യു ഡി എഫ് നേതൃത്വം.
കോവിഡ് കാലം കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായാണ് ഒരു വർഷം മുൻപ് സ്കൂളിലെ ഉണങ്ങി നിന്ന മരം മുറിച്ചത്. സ്കൂളധികൃതരുടെയും സമീപവാസികളുടെയും പരാതി കിട്ടിയതിനെ തുടർന്നാണ് പഞ്ചായത്ത് കമ്മറ്റി മരം മുറിക്കാൻ തീരുമാനിച്ചത്. നാല് പേരുടെ ടെൻഡർ കിട്ടിയതിൽ കൂടിയതുകക്കാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്ലാവ് നൽകിയതെന്നാണ് പഞ്ചായത്ത് പറയുന്നത്.എന്നാൽ മരത്തിന്റെ മൂല്യം നിർണ്ണയിക്കുന്നതിൽ സ്കൂൾ അധികൃതർക്ക് മനഃപൂർവമല്ലാത്ത വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ.
സിപിഎം ഏരിയകമ്മറ്റിക്ക് പരാതി കിട്ടിയതിനെ തുടർന്ന് സിപിഎം തലയോലപറമ്പ് ഏരിയ കമ്മറ്റി അംഗമായിരുന്ന പ്രതാപനെതിരെ പാർട്ടി അന്വേഷണവും നടന്നു. സ്കൂളിലെ മരം പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റി അംഗവുമായ ആൾ വാങ്ങിയാൽ വിവാദമുണ്ടാകുമെന്ന് മുൻകൂട്ടി കാണുന്നതിൽ വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തി പാർട്ടി പ്രതാപനെ ഒരാഴ്ച മുമ്പ് ലോക്കൽ കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു. സംഭവത്തിൽ പ്രതാപനെതിരെ നടപടി ഉണ്ടാകും വരെ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.