കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് പ്രതി ശ്യാംജിത്ത് ഉപയോഗിച്ചത് സ്വയം നിർമ്മിച്ച  ഇരുതല മൂർച്ചയുള്ള കത്തി. കട്ടിങ് മെഷീൻ ഉപയോഗിച്ച് ആഴത്തിൽ മുറിവുണ്ടാക്കി കൊല്ലാനും പ്രതി പദ്ധതിയിട്ടു. മാനന്തേരിയിലെ ശ്യാംജിത്തിന്റെ വീട്ടിൽ പോലീസ് നടത്തിയ തെളിവെടുപ്പിൽ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതിയുമായി പൊലീസ് നേരെ പോയത് മാനന്തേരി സത്രത്തിലെ ശ്യാംജിത്തിന്റെ വീട്ടുവളപ്പിന് തൊട്ടടുത്തുള്ള കൃഷിയിടത്തിലേക്ക് ആയിരുന്നു.  അവിടെയുള്ള വെള്ളക്കെട്ടിൽ കെട്ടിത്താഴ്ത്തിയ ആയുധങ്ങൾ പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. കൃത്യം നടത്തിയപ്പോൾ ഉപയോഗിച്ച വസ്ത്രങ്ങളും കണ്ടെടുത്തു .

ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കും പുറമേ  മുളകുപൊടി, പവർ ബാങ്ക്, ഒരു കുപ്പി വെള്ളം, മാസ്ക് എന്നിവയും ബാഗിൽ ഉണ്ടായിരുന്നു.  തെളിവ് നശിപ്പിക്കാനായിരുന്നു പ്രതി ബാഗിൽ മുളകുപൊടി സൂക്ഷിച്ചിരുന്നത്.ചുറ്റിക അടുത്തുള്ള കടയിൽ നിന്ന് വാങ്ങിയതാണ്. ഇരുതല മൂർച്ചയുള്ള കത്തി സ്വയം നിർമ്മിച്ചു. ഇതിനുള്ള സാധനങ്ങൾ പാനൂരിലെ കടയിൽ നിന്ന് വാങ്ങി. മൂന്നുദിവസം കൊണ്ടാണ് കത്തി നിർമ്മിച്ചത്.  കത്തി മൂർച്ച കൂട്ടാനുള്ള ഉപകരണവും വീട്ടിൽ നിന്ന് കണ്ടെടുത്തു. കട്ടിംഗ് മെഷീൻ ഉപയോഗിച്ച് ആഴത്തിൽ മുറിവുണ്ടാക്കി കൊല്ലാനും പ്രതി പദ്ധതി ഇട്ടിരുന്നുഎന്നാൽ പിന്നീട് അത് ഉപേക്ഷിച്ചു എന്നും പ്രതി മൊഴി നൽകി. ഈ യന്ത്രവും വീട്ടിൽനിന്ന് പിടിച്ചെടുത്തു.  കൃത്യത്തിനായി പോയി തിരിച്ചുവന്ന ബൈക്കും പോലീസ് കണ്ടെടുത്തു.  വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും ശ്യാംജിത്ത് കൊല്ലാൻ പദ്ധതിയിട്ടു. ആയുധങ്ങൾ സൂക്ഷിച്ചുവച്ചത് അതിനായിരുന്നു എന്നും പ്രതി മൊഴി നൽകി.  

അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്യാംജിത്ത് ആസൂത്രണം നടത്തിയിരുന്നു.  ഇതിനായി ബാർബർ ഷോപ്പിൽ നിന്ന് എടുത്ത  മുടി ചുരുൾ ബാഗിൽ സൂക്ഷിച്ചു. ഇതിലൂടെ അന്വേഷണം വഴി തിരിച്ചു വിടുകയായിരുന്നു ലക്ഷ്യം.