കണ്ണൂർ പാനൂരിൽ പ്രണയപ്പകയെ തുടർന്ന് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. പോസ്റ്റ്മോർട്ടം പൂര്‍ത്തിയായി. മൃതദേഹം അല്‍പസമയത്തിനകം ബന്ധുക്കൾക്ക് വിട്ടുനൽകും. അരുംകൊലയുടെ നടുക്കത്തിലാണ് ഇപ്പോഴും നടേമ്മൽ ഗ്രാമം.
രാവിലെ പത്തരയോടെ പരിയാരം മെഡിക്കൽ കോളജിൽ വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം തുടങ്ങി. ഇൻക്വസ്റ്റിൽ ആഴമേറിയ 11 മുറിവുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴുത്തിനും കൈയ്ക്കും പുറമേ കാലിനും വെട്ടേറ്റു. മരണകാരണം എന്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കും. വൈകിട്ട് മൂന്നുമണിക്ക് പാനൂർ നടേമ്മലിലെ വീട്ടിലാണ് സംസ്കാരം. വീട്ടുമുറ്റത്തുതന്നെ അന്ത്യവിശ്രമത്തിന് സ്ഥലം ഒരുക്കി. കെ.കെ ശൈലജ എംഎൽഎ ഉൾപ്പടെയുള്ള പ്രമുഖർ വീട്ടിൽ എത്തി ബന്ധുക്കളെ സന്ദർശിച്ചു. കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്ന് നിന്ന് നടേമ്മൽ ഗ്രാമം ഇപ്പോഴും മോചിതമായിട്ടില്ല. പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം.