spltechers

TAGS

സര്‍ക്കാര്‍ സ്കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ശമ്പള വിഹിതം മുടങ്ങിയിട്ട് ഏഴുമാസമായി. കേന്ദ്രവിഹിതമായ പതിനായിരം രൂപമാത്രമാണ് ഇപ്പോള്‍ പ്രതിമാസം ലഭിക്കുന്നത്. തുച്ഛമായ തുകകൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് ആകെയുള്ള ശമ്പളവും സര്‍ക്കാര്‍ പിടിച്ചുവെക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനിറങ്ങാനാണ് അധ്യാപകരുടെ തീരുമാനം.  

 

സമഗ്ര ശിക്ഷാ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ സ്പെഷ്യലിസ്റ്റ് അധ്യാപകരാണ് ശമ്പള പ്രതിസന്ധി നേരിടുന്നത്. 2016ലായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ കലാകായികപ്രവര്‍ത്തിപരിചയ വിഷയങ്ങളിലായി അധ്യാപകരുടെ നിയമനം.  അന്ന് 28500 രൂപയായിരുന്നു പ്രതിമാസ വേതനം. എന്നാല്‍ 2018 ല്‍ ശമ്പളം 14000 രൂപയായി വെട്ടിക്കുറച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ കുറഞ്ഞ വേതനത്തിലാണ് അധ്യാപകര്‍ ജോലി ചെയ്യുന്നത്. ശമ്പളത്തില്‍ 10000 രൂപ കേന്ദ്രവിഹിതവും 4000 രൂപ സംസ്ഥാന വിഹിതവുമാണ്. എന്നാല്‍ കഴിഞ്ഞ ഏഴുമാസമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക ലഭിക്കുന്നില്ല. 

 

സംസ്ഥാന വിഹിതം 10000 രൂപയായി ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് അധ്യാപകര്‍ പലതവണ വിദ്യാഭ്യാസ മന്ത്രിക്ക് ഉള്‍പ്പടെ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. ആകെ ലഭിച്ചിരുന്ന 4000 രൂപയുടെ കാര്യത്തിലും ഇപ്പോള്‍ ഉത്തരമില്ല. അവഗണനയില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക് കടക്കാനാണ് അധ്യാപകരുടെ തീരുമാനം. ഭൂരിഭാഗം പേര്‍ക്കും പിഎസ്.സി പരീക്ഷ ഏഴുതാനുള്ള പ്രായം അതിക്രമിച്ചു. അതിനാല്‍ സ്പെഷ്യലിസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യമുണ്ട്. കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ്  വര്‍ണ്ണക്കൂടാരം എന്ന എസ്എസ്കെയുടെ പദ്ധതിക്കുവേണ്ടി പ്രീപ്രൈമറി വിദ്യാലയങ്ങളെ ഇങ്ങനെ നിറമണിയിക്കുന്നത്. എന്നാല്‍ അവരുടെ ജീവിതത്തിന് ഇന്ന് നിറമില്ല.