TAGS

കൊല്ലം തഴുത്തലയില്‍ യുവതിയെയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ട സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്ത്. ഭർത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മൂത്ത മരുമകളും രംഗത്ത്. അതുല്യയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ വിമിക്കാണ് സമാനമായ ദുരനുഭവം ഉണ്ടായത്. തന്റെ സ്വര്‍ണവും പണവും കൈവശപ്പെടുത്തിയ ശേഷം ഭര്‍തൃവീട്ടുകാര്‍ കൊല്ലാനും വീട്ടില്‍ നിന്ന് ഇറക്കിവിടാനും ശ്രമിച്ചെന്ന് വിമി പറഞ്ഞു.

കൊട്ടിയം മഹിളാ അസോസിയേഷൻ ഭാരവാഹികള്‍ യുവതിക്ക് പിന്തുണയുമായി എത്തി. ‘രണ്ട് മരുമക്കളെയും പുറത്താക്കുമ്പോൾ ആരുടെ ഭാഗത്താണ് ന്യായമെന്ന് നോക്കണം. എനിക്ക് ബുദ്ധിക്കുറവുണ്ട്, ഓർമക്കുറവുണ്ട് എന്നൊക്കെയാണ് പെൺകുട്ടിയുടെ ഭർതൃപിതാവ് പറയുന്നത്. അവര്‍ സ്വർണം കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ കാണിക്കട്ടെയെന്നും പറയുന്നുണ്ട്. നൂറ് പവന്റെ സ്വർണം കൊണ്ടുവന്ന കുട്ടിയല്ലേ അത് വിവാഹ ഫോട്ടോയിലടക്കം കാണാമല്ലോ എന്ന് ചോദിച്ചപ്പോൾ അതൊക്കെ സ്വർണമാണോ എന്ന് പറയാനാവില്ലല്ലോ അങ്ങനെയാണെങ്കിൽ അതിന്റെ രേഖ കൊണ്ടുവരട്ടെ എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഈ സ്വർണം വാങ്ങി വിൽക്കുമ്പോൾ അതിന്റെ രേഖകളും ഇവർ വാങ്ങിയിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്’ എന്നാണ് മഹിളാ അസോസിയേഷൻ പ്രസിഡന്റ് പ്രതികരിച്ചത്.

ഒരു പെൺകുട്ടിയെ കല്യാണ് കഴിച്ച് വീട്ടിലേക്ക് കൊണ്ടുവന്നാൽ അവൾക്കും കുഞ്ഞിനും സംരക്ഷണം കൊടുക്കേണ്ടത് ഭർത്താവാണ്. എന്തുകൊണ്ട് അയാളെ ഇങ്ങോട്ട് കൊണ്ടുവരുന്നില്ലെന്നും ഇവർ ചോദിച്ചു. സ്കൂളില്‍നിന്ന് വന്ന മകനെ വിളിക്കാന്‍ അമ്മ അതുല്യ പുറത്തിറങ്ങിയപ്പോഴാണ് ഇവരെ പുറത്താക്കി ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്. ഇതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്‍റെ സിറ്റ്ഒൗട്ടിലാണ്. സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന പീഡനമെന്ന് അതുല്യ മനോരമന്യൂസിനോട് പറഞ്ഞു. പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി.