ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ് ആഘോഷവുമായി കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ. ഹോട്ടൽ റിനൈ, ക്രൗൺ പ്ലാസ എന്നിവിടങ്ങളിൽ നടന്ന കേക്ക് മിക്സിങ്ങ് ആഘോഷത്തിൽ ചലച്ചിത്ര താരങ്ങളടക്കമുള്ള പ്രമുഖർ പങ്കെടുത്തു
ക്രിസ്മസ് രാവിലേക്ക് ഇനിയും ദിനങ്ങൾ ഏറെയുണ്ട്. എന്നാൽ കൊച്ചിയിൽ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഉണക്കപ്പഴങ്ങളും നട്സും മറ്റു പഴങ്ങളും പൊടിച്ചെടുത്ത ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമൊപ്പം മുന്തിയയിനം മദ്യവും വീഞ്ഞും തേനുമൊക്കെ ചാലിച്ച് കുതിർത്ത് ചേർത്തിളക്കിയാണ് കേക്ക് മിക്സിങ്. ഹോട്ടൽ റിനൈ, ക്രൗൺ പ്ലാസ എന്നിവിടങ്ങളിലാണ് ആഘോഷമായ കേക്ക് മിക്സിങ്ങ് നടന്നത്. തൃക്കാക്കര എംഎൽഎ ഉമ തോമസ് അടക്കമുള്ളവരായിരുന്നു ഹോട്ടൽ റിനൈയിലെ കേക്ക് മിക്സിങ് ആഘോഷത്തിൽ പങ്കെടുത്തത്. ബേസിൽ ജോസഫ്, ബാബു ആന്റണി, ദർശന രാജേന്ദ്രൻ തുടങ്ങിയ ചലച്ചിത്ര താരങ്ങളായിരുന്നു ക്രൗൺ പ്ലാസയിലെ കേക്ക് മിക്സിങിന്റെ ആകർഷണം
എല്ലാ വർഷവും ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ കേക്ക് മിക്സിങ് നടത്താറുണ്ട്. നവംബർ അവസാനത്തോടെ കേക്കുകൾ വിപണിയിലെത്തിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്