TAGS

കാഞ്ഞങ്ങാട്: മീൻ വിൽപനക്കാരുടെ മീനിന് മുകളിലേക്ക് ബ്ലീച്ചിങ് പൗഡർ വിതറി പൊലീസിന്റെ നിയമപാലനം. മീൻ ചന്തയ്ക്ക് പുറത്ത് വച്ച് മീൻ വിൽപന നടത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ഇന്നലെ വൈകിട്ട് 5ന് ആണ് സംഭവം. രാവിലെ മുതൽ ചന്തയ്ക്ക് അകത്ത് ഇരുന്നാണ് മീൻ വിറ്റത്. മത്സ്യം ബാക്കി വന്നത് കൊണ്ടാണ് ചന്തയ്ക്ക് പുറത്ത് വന്ന മീൻ വിറ്റതെന്ന് വിൽപനക്കാരായ സ്ത്രീകൾ പറയുന്നു. ഒരു നേരത്തേ അന്നത്തിനുള്ള വകയിലാണ് പൊലീസ് വിഷം വിതറിയതെന്നും ഇവർ സങ്കടത്തോടെ പറഞ്ഞു. 

 

മീൻ ചന്തയിലെ മലിന ജലത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്നാൽ ചൊറിച്ചിലും അലർജിയും ആണ്. എന്നിട്ടും ഒരു നേരത്തെ അന്നത്തിനുള്ള വക തേടിയാണ് ഇവിടെയെത്തുന്നത്. ശമ്പളം വാങ്ങുന്നവർക്ക് തങ്ങളുടെ വേദന അറിയില്ലെന്നും ഇവർ പറയുന്നു. മത്സ്യവിൽപനക്കാരിയായ പുഷ്പയുടെ കൂട്ടയിലേക്കാണ് ബ്ലീച്ചിങ് പൗഡർ കൂടുതലായി വാരിയിട്ടത്. 

 

ശാന്ത, ചിത്ര, മുല്ല, ലളിത, സത്യവതി, വിലാസിനി, ഗിരിജ, മല്ലിക, ഭവാനി, കലാവതി, കനക എന്നിവരുടെ കൂട്ടയിലേക്കും ബ്ലീച്ചിങ് പൗഡർ വിതറി. മറ്റുള്ളവർ മീൻ കുട്ടയും കൊണ്ട് ഓടുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ മത്സ്യ തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.