തൊടുപുഴ: ഒരു വർഷം നൂറുകണക്കിനു യുവാക്കളാണു ലഹരി കടത്തിൽ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലാവുന്നത്. ഒരിക്കൽ ശിക്ഷിക്കപ്പെട്ടാൽ സമൂഹത്തിൽ സാധാരണ ജീവിത്തിലേക്കു തിരികെയെത്തുക എന്നതു വിഷമകരമാണ്. കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം നടക്കുന്ന തിരച്ചിലുകൾക്കൊടുവിലാണു പല കേസുകളിലും പ്രതികളിൽ നിന്നു ലഹരി മരുന്നുകൾ കണ്ടെടുക്കുന്നത്.

 

കൂട്ടത്തിലുള്ളവരോ ഉപയോക്താക്കളോ തന്നെയാകാം  ഒറ്റുകാർ. വലിയ മീനുകളെ നീണ്ട കാലം നിരീക്ഷിച്ച ശേഷമാണ് എക്സൈസും പൊലീസും വലയിലാക്കുന്നത്. പുതുതലമുറയിലെ യുവാക്കളെയാണു ലഹരികടത്തിനു പ്രധാനമായും ഉപയോഗിക്കുന്നത്. ലഹരി ഉപയോഗം അഡിക്‌ഷനിലേക്കു വഴിമാറുന്നതോടെ പണത്തിനായി ലഹരി കാരിയറായി യുവതീ യുവാക്കൾ മാറുന്നു. 

 

ക്യാംപസുകളെ ലക്ഷ്യമിട്ട് പ്രത്യേക റിക്രൂട്ട്മെന്റുകൾ

 

ദൂരപ്രദേശങ്ങളിൽ നിന്നെത്തി പഠിക്കുന്ന വിദ്യാർഥികളാണു ലഹരിയുടെ കെണികളിൽ പ്രധാനമായും അകപ്പെടുത്തത്.  ഒളിപ്പിക്കാനും ഉപയോഗിക്കാനുമുള്ള എളുപ്പമാണ് യുവാക്കളെ സിന്തറ്റിക് ലഹരികളിലേക്ക് ആകർഷിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നെത്തി പഠിക്കുന്ന വിദ്യാർഥികൾ കൂടുതലുള്ള കേന്ദ്രങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്താണു ലഹരി മാഫിയ പ്രവർത്തിക്കുന്നത്. അധികകാലം  ഒരു സ്ഥലത്തു തന്നെ ഇവർ താമസിക്കാറില്ല. കൂടുതൽ പേരിലേക്ക് ലഹരി വ്യാപാരം എത്തിക്കുകയാണ്  ലക്ഷ്യം. 

 

സംശയമില്ലാതാക്കാൻ ഒപ്പം സ്ത്രീകളും

 

അതിർത്തികളിൽ നിന്നുള്ള ലഹരി കടത്തിനു യുവതികളെ കൂടെക്കൂട്ടിയാൽ പരിശോധനയുണ്ടാവില്ലെന്നാണു സംഘങ്ങളുടെ പൊതുവേയുള്ള ധാരണ. എന്നാൽ എക്സൈസും പൊലീസും ഒരു പടികൂടി കടന്നുചിന്തിക്കാൻ തുടങ്ങിയതു ലഹരിമാഫിയയ്ക്കു കാര്യങ്ങൾ കഠിനമാക്കി. പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലഹരിക്ക് അടിമയാക്കി കാരിയറുകളായി ഉപയോഗിക്കുന്ന സംഭവങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലഹരി വ്യാപാരത്തിനു മുറികളും വീടുകളും വാടകയ്ക്കെടുക്കുന്നവരും സ്ത്രീകളെ കൂടെക്കൂട്ടുന്നു. വൻ നഗരങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്കെടുത്തു നടക്കുന്ന ലഹരി വ്യാപാരങ്ങൾ പിടക്കപ്പെടുമ്പോഴും സ്ത്രീകളും ഉൾപ്പെടുന്നതു നിത്യസംഭവമായി മാറിയിട്ടുണ്ട്. 

 

അതിർത്തികളിൽ പരിശോധന

 

രാസലഹരിയും കഞ്ചാവും അതിർത്തിയിലൂടെ ജില്ലയിലേക്കെത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കേരള തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളിലും വനാന്തർഭാഗങ്ങളിലും പൊലീസ് ഡോഗ് സ്ക്വാഡിന്റെ പരിശോധന. കമ്പംമെട്ട് കുമളി ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി ഒഴുക്കുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.  ഇന്നലെ എക്സൈസ്, പൊലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് കമ്പംമെട്ട്, കുമളി ചെക്ക് പോസ്റ്റ് പരിധിയിലാണ് പരിശോധന നടത്തിയത്.  വരും ദിവസങ്ങളിൽ തമിഴ്നാട് പൊലീസുമായി ചേർന്ന് അതിർത്തി പ്രദേശങ്ങളിൽ സംയുക്ത പരിശോധനകൾ നടത്തും.

 

കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

 

തുടർച്ചയായി എംഡിഎംഎ ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഉപയോഗത്തിൽ വായിലെ തൊലി അടർന്നുപോകും. എംഡിഎംഎ ഉപയോഗിച്ച് അതിന്റെ ഫലം പോകുന്നതോടെ ഉറക്കം കുറയും. ക്ഷീണം കൂടും. സ്ഥിരമായി ഉപയോഗിക്കുന്നവരിൽ പല്ലുകൊഴിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

∙ എംഡിഎംഎ

 

സിന്തറ്റിക് ലഹരി മരുന്നായ എംഡിഎംഎ (Methylenedioxy methamphetamine) തുടർച്ചയായി ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി പറയുന്നു. ഇതു കഴിച്ചാൽ 12 മണിക്കൂർ സജീവമാകും. ശരീരത്തിന് തളർച്ച ഉണ്ടാകില്ല. എന്നാൽ പിന്നീട് മൂന്നു ദിവസത്തേക്കു ഉറക്കമില്ല. പിന്നെ ഭക്ഷണം വേണ്ടാതാകും. തൊണ്ട വരളും. ഒന്നും കഴിക്കാൻ തോന്നില്ല. മൂന്നു ദിവസം ഉറക്കമില്ലാതെ വരും. ഭക്ഷണം കഴിക്കാൻ കഴിയാതെ അസ്വസ്ഥതകൾ ഗുരുതരമാകും.  സ്ഥിരമായി ഉപയോഗിച്ചാൽ മൂന്നു വർഷത്തിനകം മരണം വരെ സംഭവിക്കാം. സ്ഥിരമായി ഇത് കഴിച്ചാൽ പല്ലുകളും കൊഴിയും.

 

∙ എൽഎസ്ഡി

 

എൽഎസ്ഡി (Lysergic acid diethylamide)  കണ്ടാൽ വെറും സ്റ്റാംപ് പോലെ ഇരിക്കും. എന്നാൽ മറു വശത്തു ലൈസർജിക് ആസിഡ് ഡൈതൈലാമിഡ് സ്പ്രേ ചെയ്യും. ഒരു സ്റ്റാംപ് നാലായി കീറിയ ശേഷം ഒരു പീസ് നാക്കിൽ ഒട്ടിച്ചാൽ 4 മണിക്കൂർ നീണ്ടു നിൽക്കുന്ന ലഹരി ലഭിക്കും. സ്റ്റാംപ് പൂർണമായി നാക്കിൽ ഒട്ടിച്ചാൽ അബോധവസ്ഥയിലാകും.   ലഹരി കൂടിയ സ്റ്റാംപിന് 5000 രൂപ, കുറഞ്ഞതിനു 2000 രൂപ. എൽഎസ്ഡിയും ലഹരി ഗുളികകളും നിരന്തരം ഉപയോഗിച്ചാൽ ബൗദ്ധിക ശേഷിയിൽ കുറവു വരുമെന്ന് വിദഗ്ധർ പറയുന്നു.