pc-george-fulltext

TAGS

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനക്കേസില്‍ പരാതിക്കാരിക്ക് അനുകൂലമായി സാക്ഷി പറയാത്തതിലുള്ള പ്രതികാരമാണ് പുതിയ പീഡന പരാതിക്കും അറസ്റ്റിനും കാരണമെന്ന് പി.സി.ജോര്‍ജ്. പരാതി കള്ളമാണെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. അതിന്റെ വൈരാഗ്യമാണ് പരാതിക്കാരിക്ക്. പരാതിക്കാരി പിണറായി വിജയന്റെ പണം വാങ്ങിയിട്ടുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. അറസ്റ്റിന് തൊട്ടുപിന്നാലെ പി.സി.ജോര്‍ജ് നടത്തിയ പ്രതികരണത്തിന്റെ പൂര്‍ണരൂപം :-

 

‘ഈ പറയുന്ന ആളെ യഥാര്‍ഥത്തില്‍ പീഡിപ്പിച്ചവരെല്ലാം റോഡില്‍ക്കൂടി സന്തോഷമായി നടക്കുന്നു. ആ സ്ത്രീയോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരന്‍ പി.സി.ജോര്‍ജ് ആണെന്ന്  അവര്‍ തന്നെ പത്രസമ്മേളനം നടത്തി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവര്‍ പറയുന്നു, വേണ്ടാതീനം ഒന്നുമല്ല, അവരെ പിടിച്ചു എന്ന് മാത്രം. അതിനുപിന്നാലെ ഒരു കേസ്. 11 മണിയായപ്പോള്‍ കടലാസില്‍ എഴുതിക്കൊണ്ട് കൊടുത്തിരിക്കുകയാണ് സ്റ്റേഷനില്‍. അതുകൊണ്ട് പൊലീസ് സ്വാഭാവികമായി 354 വകുപ്പനുസരിച്ച് കേസെടുത്തിരിക്കുകയാണ്. വളരെ സന്തോഷം, ഞാന്‍ കോടതിയില്‍ പോകുകയാണ്. ഞാന്‍ നിരപരാധിയാണെന്ന് തെളിയും. 100 ശതമാനം പറയുന്നു. 

 

ഈ ഒരു കാര്യം കൊണ്ടൊന്നും പിണറായി വിജയന്‍ രക്ഷപെടുകേല. ഇന്ന് ക്രൈംബ്രാഞ്ച് എന്നെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി. ഇതുപോലെ വേറൊരു കേസാ. ആ കേസില്‍ അവര്‍ മാന്യമായി സംസാരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു മര്യാദകേടും ഉണ്ടായിട്ടില്ല. കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞോണ്ടിരിക്കുമ്പോഴാണ് 11 മണിക്ക് പ്രത്യേകം ഒരു കേസ് ഇപ്പൊ എടുത്തിരിക്കുന്നത്. എന്നിട്ടാണ് 354 വകുപ്പിട്ട് ഇവിടെ പൊലീസ് ആപ്പീസര്‍മാര്‍ വന്നത്, എന്നെ അറസ്റ്റ് ചെയ്യാന്‍.  ഞാന്‍ ഒളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബഹുമാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂടെ പോയി കോടതിയില്‍ ചെല്ലും. കോടതി സ്വാഭാവികമായും റിമാന്‍ഡ് ചെയ്യും. റിമാന്‍ഡ് ചെയ്താലും സന്തോഷം. അതുകഴിഞ്ഞ് എന്റെ ഭാഗത്തെ വസ്തുത എന്താണെന്ന് തെളിയിക്കും. സത്യസന്ധമായി ഞാന്‍ ഇറങ്ങും. 

 

ഞാന്‍ ഏതായാലും ഒരു സ്ത്രീയെയും പീഡിപ്പിക്കുകേല, നിങ്ങളാരും പേടിക്കേണ്ട. ഞാന്‍ പൊതുപ്രവര്‍ത്തകനാണ്. എന്റെയടുത്ത് വരുന്ന പത്രപ്രവര്‍ത്തകരടക്കമുള്ള പെണ്‍കുട്ടികളെയടക്കം മോളേ, ചക്കരേ, സ്വന്തമേ എന്നല്ലാതെ ഞാന്‍ വിളിക്കാറില്ല. ആ സ്നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നെ ഈ പിണറായി വിജയന്റെ ചില്ലറ കാശും മേടിച്ചുകൊണ്ട്, ഈ കാണിക്കുന്ന മര്യാദകേടിന് ദൈവം തമ്പുരാന്‍ അവരോട് ക്ഷമിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.’ 

 

ചോദ്യം: ഗുരുതരമായ കുറ്റങ്ങളാണല്ലോ പി.സിക്കെതിരെ ചുമത്തിയിരിക്കുന്നത്?

 

‘അതാണ് പറഞ്ഞത്. ഐപിസി 354 എന്ന് പറഞ്ഞാലെന്താ?. ഏതായാലും അവര്‍ തന്നെ പത്രസമ്മേളനം നടത്തി പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയ രാഷ്ട്രീയനേതാക്കളെല്ലാം എന്നെ പീഡിപ്പിച്ചിട്ടുണ്ട്, പി.സി.ജോര്‍ജ് മാത്രമേ എന്നോട് മാന്യത കാണിച്ചുള്ളൂ എന്ന്.  ഇനി അവര്‍ മാറ്റിപ്പറയുന്നെങ്കില്‍ പറയട്ടെ. ഏതായാലും എന്റെ ഭാഗത്തുനിന്ന് ആ ഇനം വൃത്തികേടൊന്നും ഉണ്ടാവില്ല. നിങ്ങളാരും പേടിക്കേണ്ട.’

 

ചോദ്യം : പരാതിക്കാരി ഇത് പറയുന്നതിന് കാരണമെന്താണ് ?

 

‘കാരണമുണ്ട്. പറയാന്‍ എനിക്കൊരു മടിയുമില്ല. വളരെ വ്യക്തമായ കാര്യമാണ്. ഞാന്‍ ഒളിച്ചുവയ്ക്കുന്നില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇവരെ പീഡിപ്പിച്ചു എന്നുപറഞ്ഞ് സ്റ്റേറ്റ്മെന്റ് കൊടുക്കണം, സാക്ഷിപറയണം എന്ന് എന്നോട് പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ അങ്ങനെ ചെയ്യണം. ഇവര്‍ അങ്ങനെയൊരു പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു. പിണറായി വിജയന്‍ ആ പരാതി സിബിഐയ്ക്ക് കൊടുത്തിരിക്കുകയാണ്. സിബിഐ എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചോണ്ടിരിക്കുവാ. ഇവര്‍ എന്റെ വീട്ടില്‍ വന്നു. പത്താംതീയതി ഇവിടെ (ഗസ്റ്റ് ഹൗസില്‍) വന്നു. അന്ന് എഴുതിത്തന്നതെന്താണെന്നറിയാമോ? ഇവര്‍ ആദ്യം എന്നോട് പറഞ്ഞത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ച് പീഡിപ്പിച്ചെന്നാ. എനിക്ക് സംശയം തോന്നി, ശരിയാണോ ദൈവമേ, ഉമ്മന്‍ചാണ്ടി വയസ്സുകാലത്ത് മര്യാദകേട് കാണിച്ചോ എന്ന് ഞാന്‍ ഓര്‍ത്തു. ഞാന്‍ അന്ന് പത്രക്കാരോടും പറഞ്ഞു, മര്യാദകേടാണെന്ന്. അതുകഴിഞ്ഞ് എനിക്ക് അവര്‍ എഴുതി നല്‍കിയപ്പോള്‍ ക്ലിഫ് ഹൗസില്‍ വച്ചെന്നായി. അപ്പോള്‍ അത് നുണയാണെന്ന് എനിക്ക് മനസിലായി. എനിക്ക് കള്ളസാക്ഷി പറയാന്‍ പറ്റില്ല. സിബിഐക്കാരോട് ഞാന്‍ പറഞ്ഞു, പച്ചക്കള്ളമാണ് ഇവര്‍ പറയുന്നതെന്ന്. അതിന്റെ വൈരാഗ്യം തീര്‍ക്കുന്ന ഭാഗമാണിത്. ആയിക്കോട്ടെ. മറ്റൊന്നുകൂടിയുണ്ട്. ഇവര്‍ തന്നു എന്നുപറയുന്ന കത്തുണ്ടല്ലോ അത് അവരുടെ കൈപ്പടയിലുള്ളതാണ്. അതൊക്കെ എന്റെ കൈവശമുണ്ട്. പിന്നെന്തിനാ പേടിക്കുന്നത് ? അത് ജനത്തിന്റെ മുന്നില്‍ കാണിക്കും ഞാന്‍, സംശയം വേണ്ട.’

 

വനിതാമാധ്യമപ്രവര്‍ത്തകയുടെ ചോദ്യം: പരാതി ശരിയാണോ, തെറ്റാണോ എന്നതിനപ്പുറം ഈ പരാതിക്കാരിയുടെ പേര് പറയുന്നത് ശരിയാണോ?

 

‘എന്നാല്‍പ്പിന്നെ നിങ്ങളുടെ പേര് പറയാം.’ (മാധ്യമപ്രവര്‍ത്തരുടെ പ്രതിഷേധം) ‘ചുമ്മാ ഒരുത്തനെപ്പിടിച്ച് ജയിലില്‍ കൊണ്ടുപോകുമ്പോഴാണ് നിങ്ങള്‍....’(വീണ്ടും അതേ ചോദ്യം). ‘ഞാന്‍ നിങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പറഞ്ഞത് മര്യാദയല്ലെങ്കില്‍ മര്യാദകേടാണ്. പ്രശ്നം തീര്‍ന്നല്ലോ.’ (വീണ്ടും ശക്തമായ പ്രതിഷേധം).