balram-pinarayi-k-rail

എന്ത് സംഭവിച്ചാലും  സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവന ഇപ്പോൾ വലിയ ചർച്ചയാണ്.  കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. ‘ഇതിലെന്താണിത്ര പുതുമ? ഇത്രയും കാലം മുന്നോട്ടുപോയതും കേന്ദ്ര ഭരണക്കാരുടെ പിന്തുണയിൽത്തന്നെ അല്ലേ?’ എന്നാണ് മുൻ എംഎൽഎ വി.ടി ബൽറാമിന്റെ ചോദ്യം. ട്രോൾ പേജുകളിലും മുഖ്യമന്ത്രിയുടെ ‘യുടേൺ’ നിലപാട് ഇപ്പോൾ സജീവചർച്ചയാണ്. 

 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിന്‍റെ കടുത്ത നിലപാട് മയപ്പെടുന്നെന്ന് വ്യക്തമാക്കുന്നതാണ് വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസംഗം.പ്രതിപക്ഷ സമരങ്ങള്‍ വികസനം അട്ടിമറിക്കാനാണെന്നും അതിനെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ സിപിഎമ്മിലുമുണ്ടെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. വന്‍കിട പദ്ധതിക്കുള്ള സ്ഥലത്തില്‍നിന്നു മൂന്നു സെന്‍റ് സ്ഥലം മറ്റൊരു കാര്യത്തിന് ആവശ്യപ്പെട്ട കൗണ്‍സിലറുടെ ഉദാഹരണം പറ‍ഞ്ഞായിരുന്നു വിമര്‍ശനം.