മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുബായ് യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ നടന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മറ്റുരാജ്യങ്ങളുമായി ധാരണപത്രം ഒപ്പിടുമെന്ന് അറിയിച്ചിരുന്നില്ല. ആരോഗ്യപ്രവര്‍ത്തകരുടെ തൊഴിലവസരങ്ങള്‍ക്കായി യുകെയുമായി കരാര്‍ ഒപ്പുവച്ചുവെന്നത് കള്ളമാണെന്നും വിദേശകാര്യസഹമന്ത്രി കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോർട്ട് കാണാം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രാ അനുമതിക്കായി നല്‍കിയ അപേക്ഷയില്‍ ദുബായ് സന്ദര്‍ശനം ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ദുബായിലേയ്ക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച രീതിയിലുള്ള ഒൗദ്യോഗികകാര്യങ്ങളല്ല മുഖ്യമന്ത്രിയുടെ യാത്രയില്‍ നടന്നതെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കുടുംബത്തെ കൊണ്ടുപോകുന്നത് അറിയിച്ചിരുന്നില്ല. കരാറുകളോ, ധാരണാപത്രങ്ങളോ ഒപ്പുവച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചത്. മറിച്ച് കുത്തക മുതലാളിമാരുടെ പണം ഉപയോഗിച്ചാണോ യാത്രായെന്ന് വ്യക്തമാക്കണം. നോര്‍ക്കെയും റിക്രൂട്ടിങ് ഏജന്‍സിയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടതിനെയാണ് കേരളവും യുകെയും തമ്മിലെ ഉടമ്പടിയെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. റിക്രൂട്ടിങ് ഏജന്‍സി തിരുവനന്തപുരത്ത് വന്ന് ഒപ്പിട്ട് നല്‍കേണ്ട കരാറിനായി മുഖ്യമന്ത്രി കുടുംബസമേതം യൂറേപ്പിലേയ്ക്ക് പോകേണ്ടിയിരുന്നില്ലെന്നും വി മുരളീധരന്‍ പരിഹസിച്ചു.