ചെന്നൈ മലയാളികളുടെ നീണ്ടകാലത്തെ ആവശ്യമായിരുന്നു കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് ഒരു കെഎസ്ആർടിസി ബസ് സർവീസ്. സ്വിഫ്റ്റ് സർവീസ് ആരംഭിച്ചതോടു കൂടി നീണ്ടകാലമായി തുടരുന്ന മുറവിളിക്കും പരാതികൾക്കും അറുതിയായിരിക്കുകയാണ്. ഇപ്പോഴിതാ കന്നിയാത്രയിൽ തന്നെ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് എറണാകുളം-ചെന്നൈ സ്വിഫ്റ്റ് സർവീസ്. 

ബുധനാഴ്ച രാത്രി 7.45നാണ് എറണാകുളം ഡിപ്പോയിൽ നിന്ന് 38 യാത്രക്കാരുമായി കെഎസ്ആർടിസി സ്വിഫ്റ്റ് ചെന്നൈയ്ക്ക് പുറപ്പെട്ടത്. 11 പേരാണ് നേരിട്ട് ചെന്നൈയ്ക്ക് മാത്രം ടിക്കറ്റെടുത്തത്. മടക്കയാത്രയിൽ ആകെ യാത്രക്കാർ നാൽപ്പത് പേരുണ്ടായിരുന്നു. ചെന്നൈയിൽ നിന്നും നേരിട്ട് എറണാകുളത്തേക്ക് ടിക്കറ്റെടുത്തവർ പതിമൂന്ന് പേരും. മാത്രമല്ല ആദ്യയാത്രയിൽ കെഎസ്ആർടിസിയുടെ വരുമാനത്തിലും ഗണ്യമായ വർധനയുണ്ടാവുകയും ചെയ്തു.

വ്യാഴാഴ്ച ചെന്നൈക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസിൽ 40 പേരാണ് കയറിയത്. 13 പേർ നേരിട്ട് ചെന്നൈയ്ക്കുളവർ. ചെന്നൈയിൽ നിന്ന്  പുറപ്പെട്ട ബസിലും യാത്രക്കാർ ഫുൾ. വൈറ്റില, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, വില്ലുപുരം, ചെങ്കൽപ്പേട്ട വഴിയാണ് കെഎസ്ആർടിസിയുടെ ചെന്നൈ സ്വിഫ്റ്റ് ബസ് സർവീസ്. 

വൈകിട്ട്7.45ന് എറണാകുളത്ത് നിന്നും പുറപ്പെടും. രാവിലെ 8.40ന്ചെന്നൈയിലെത്തും. മടക്കയാത്ര രാത്രി 8ന്. ടിക്കറ്റ് നിരക്ക് 1,410 രൂപ. സ്വകാര്യബസുകൾ 2500  രൂപയോളം ചാർജ് നിരക്ക് ഈടാക്കുമ്പോഴാണ് കെഎസ്ആർടിസി എല്ലാവിധ സൗകര്യങ്ങളുമായി 1,410  രൂപയ്ക്ക് സർവീസ് നടത്തുന്നത്. 

മാത്രമല്ല കൂടുതൽ അന്തർ സംസ്ഥാനസർവ്വീസുകൾ കൂടെ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി ഇപ്പോൾ. ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.