വൈവാഹിക ജീവിതത്തിൽ പെൺകുട്ടികളുടെ വ്യക്തിത്വം ഉയർത്തി പിടിക്കാൻ ബൈബിൾ വചനങ്ങളും ധർമശാസ്ത്രത്തിലെ വരികളും പരാമർശിക്കുന്നുണ്ട് വിസ്മയ കേസിലെ സുപ്രധാന വിധിയിൽ. വിസ്മയ അനുഭവിച്ച ദുരിതങ്ങൾ അക്കമിട്ട് വിധിയിൽ  കോടതി  ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ സ്ത്രീധന പീഡനങ്ങൾ ചെറുക്കാൻ വിധി നിയമ സംവിധാനങ്ങൾക്ക് ശക്തി പകരും

 

സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ വലിയ സ്ത്രീധനം കിട്ടണമായിരുന്നു എന്ന് കിരൺ  കരുതിയത് ഗുരുതരമായ തെറ്റെന്ന് വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. അഭിമാനം നഷ്ടപ്പെട്ടാൽ ജീവിതത്തിന്റെ ശ്വാസം  നിലച്ചു പോകുന്നതിന് സമാനമാണെന്ന് വിസ്മയ അനുഭവിച്ച സ്ത്രീധന പീഡനത്തെപ്പറ്റി പറയുന്നു. സൽപേര് സുഗന്ധ തൈലത്തേക്കാളും ഉത്തമമാണെന്ന ബൈബിൾ വചനം  കോടതി വിധിയിൽ പരാമർശിക്കുന്നു. മരണ ദിവസം പോലും വിസ്മയയെ കിരൺകുമാർ  മാനസികമായി തകർത്തു. പ്രതിക്കും മാനസാന്തരപ്പെടാൻ അവസരം നൽകുന്നതിനാണ് ശിക്ഷ വിധി.  ശിക്ഷ ഒരാളെ തെറ്റിൽ നിന്ന് സ്വയം ശുദ്ധീകരിക്കുന്നതാവണം എന്ന്  ധർമശാസ്ത്രത്തിലെ വരികൾ ഉദ്ധരിച്ചു കോടതി പറയുന്നു.  കിരൺ കുമാറിലെ ക്രൂരത തെളിയിച്ചത് ഡിജിറ്റൽ തെളിവുകളാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. അതുകൊണ്ട് തന്ന  ഒരു പരിഗണയും കിരൺ അർഹിക്കുന്നില്ല എന്ന വാചകം വിധിയുടെ ശക്തി കൂട്ടുന്നു.