കേരളത്തെയാകെ നൊമ്പരത്തിലാഴ്ത്തിയ മരണമായിരുന്നു കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയയുടേത്. ആയുര്‍വേദ ഡോക്ടറാകാന്‍ കൊതിച്ച, മിടുക്കി പെണ്‍കുട്ടി ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കിയെന്ന വാര്‍ത്ത മലയാളികളുടെ കണ്ണുകളെ ഈറനണിയിച്ചു. കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണിന് ജാമ്യം കിട്ടിയ വേളയില്‍ വീണ്ടും ചര്‍ച്ചയാകുന്നത് അച്ഛനോട് കരഞ്ഞ് പറയുന്ന വിസ്മയുടെ വാക്കുകളാണ്.
വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വിസ്മയ അച്ഛനോടു സംസാരിച്ചതിന്‍റെ ശബ്ദരേഖ തെളിവായി നൽകിയിരുന്നു. ‘എന്നെ ഇവിടെ നിർത്തിയിട്ടു പോവുകയാണെങ്കിൽ ഞാൻ കാണത്തില്ല. അച്ഛൻ നോക്കിക്കോ. എന്നെക്കൊണ്ട് പറ്റത്തില്ല. ഞാൻ എന്തേലും ചെയ്യും. എനിക്കു പേടിയാകുന്നു അച്ഛാ... എനിക്ക് അങ്ങോട്ടു വരണം. ഇവിടെ എന്നെ അടിക്കും, എനിക്ക് പേടിയാ... എന്നെക്കൊണ്ട് പറ്റൂലാ അച്ഛാ...’– ശബ്ദരേഖയിൽ വിസ്മയ പൊട്ടിക്കരഞ്ഞ് പറയുന്നതിങ്ങനെയാണ്. പിതാവ് ത്രിവിക്രമൻ നായർ വിസ്മയയെ ആശ്വസിപ്പിക്കുന്നതും വീട്ടിലേക്കു പോരൂ എന്നു പറയുന്നതും കേൾക്കാമായിരുന്നു.
2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.കിരൺകുമാറിനെ അറസ്റ്റ് ചെയ്തു. ആദ്യം സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
സ്ത്രീധനമല്ല, സ്ത്രീയാണു ധനമെന്ന തത്വം ഉയർത്തിപ്പിടിച്ചാണു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണും കുടുംബവും വിവാഹാലോചനയുമായി എത്തിയതെന്നു ബന്ധുക്കൾ പറയുന്നു. മകൾക്കായി 100 പവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും 10 ലക്ഷം വില വരുന്ന കാറുമാണു വിസ്മയയുടെ കുടുംബം നൽകിയത്. വിവാഹം കഴിഞ്ഞതോടെ കിരണിന്‍റെ യഥാർഥ മുഖം പുറത്തുവന്നു. സ്ത്രീധനമായി നൽകിയ കാറിന്‍റെ പേരിലാണു വിസ്മയയ്ക്കെതിരെ പീഡനം തുടങ്ങിയത്. 10 ലക്ഷം രൂപയോ കാറോ നൽകുമെന്നതായിരുന്നു വിസ്മയയുടെ കുടുംബം വാഗ്ദാനം ചെയ്തത്. ഇതനുസരിച്ചു വായ്പയെടുത്തു കാർ വാങ്ങി നൽകിയെങ്കിലും 10 ലക്ഷം രൂപ മൂല്യമില്ലെന്നായിരുന്നു കിരൺ പറഞ്ഞിരുന്നത്. ജനുവരിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ മദ്യപിച്ചു പാതിരാത്രിയെത്തിയ കിരൺ ഇക്കാര്യം പറഞ്ഞു വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തെന്നും ബന്ധുക്കൾ വെളിപ്പടുത്തി. സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും വിലകൂടിയ ആഡംബര കാറും ആവശ്യപ്പെട്ടായിരുന്നു പീഡനം. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിച്ച് മുറിവേല്‍പ്പിക്കുക, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് കിരണകുമാറിനെതിരായ കുറ്റങ്ങള്‍.