ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട്ടെ എരഞ്ഞിക്കലിലും അത്തോളിയിലും ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. എരിഞ്ഞിക്കലില്‍ ഒരാള്‍ക്കും അത്തോളിയില്‍ രണ്ട് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഞായറാഴ്ചയാണ് കോര്‍പറേഷന്‍ പരിധിയിലെ ഏരഞ്ഞിക്കലില്‍ ഏഴ് വയസുകാരിയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളില്‍ രോഗലക്ഷണവും കണ്ടിരുന്നു. സമീപ വീടുകളിലെ കുട്ടികളെ പരിശോധിച്ചെങ്കിലും മറ്റാരിലും രോഗലക്ഷണങ്ങളില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേരില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. രോഗം കണ്ടെത്തിയവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. രോഗത്തിന്റ ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി. ആരോഗ്യപ്രവര്‍ത്തകര്‍ സ്ക്വാഡുകളായി തിരിഞ്ഞ് ബോധവല്‍ക്കരണവും ആരംഭിച്ചിട്ടുണ്ട്.
ഭക്ഷണപാനീയങ്ങളില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 2020 ഡിസംബറില്‍ കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലുടേയും ഉള്ളില്‍ കടക്കുന്ന ബാക്ടീരിയ വഴി പകരുന്ന രോഗമാണ് ഷിഗെല്ല