തിരുവല്ലയിൽ ആത്മഹത്യ ചെയ്ത കർഷകൻ രാജീവ് സരസന്റെ മൃതദേഹം സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളടക്കം നൂറ് കണക്കിന് പേരാണ് നിരണത്തെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. രാജീവിന്റേത് കർഷക ആത്മഹത്യയല്ലെന്ന നിലപാടിലാണ് സിപിഎം. രാവിലെ ഏഴു മണിയോടെയാണ് രാജീവിന്റെ മൃതദേഹം നിരണത്തെ വീട്ടിലെത്തിച്ചത്. 8 മണിയോടെ പൊതു ദർശന ചടങ്ങുകൾ ആരംഭിച്ചു.
സംസ്കാര ചടങ്ങുകൾക്കിടെ രാജീവിന്റെ സഹോദരൻ പ്രകാശ് കുഴഞ്ഞ് വീണു. ആന്റോ ആന്റണി എം.പി , മാത്യു ടി തോമസ് എം.എൽ. എ , ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.ഞായറാഴ്ച വൈകിട്ടാണ് നിരണം വടക്കുഭാഗം തടത്തിൽ പാട ശേഖരത്തിന് സമീപം രാജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷി നാശവും കടക്കെണിയുമാണ് ആത്മഹത്യയുടെ കാരണമെന്നാണ് ആരോപണം. കർഷക ആത്മഹത്യയല്ലെന്നും വായ്പയെടുത്ത പുരുഷ സ്വയം സഹായ സംഘത്തിന്റെ ഭീഷണിയാണ് കാരണമെന്നും സി പി എം ആരോപിച്ചു. സ്വയം സഹായ സംഘം ഭാരവാഹികൾ ആരോപണം നിഷേധിച്ചു. കർഷകരുടെ മുഴുവൻ നെല്ലും സർക്കാർ ഏറ്റെടുത്ത് കടക്കെണിയിൽ നിന്ന് രക്ഷിക്കണമെന്ന് ആന്റോ ആന്റെണി എം പി. ആവശ്യപ്പെട്ടു.