kizhakkambalam
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് രാഷ്ട്രീയ അസ്വസ്ഥതകൾ തുടങ്ങിയിട്ട് കുറച്ചധികം വർഷങ്ങളായി. വസ്ത്ര നിർമാണ കമ്പനിയായ കിറ്റെക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 2013ലാണ് ട്വന്റി ട്വന്റി എന്ന ജീവകാരുണ്യ സംഘടന രൂപീകരിക്കപ്പെട്ടത്. പാവപ്പെട്ടവർക്ക് ചികിത്സാസഹായം ഉൾപ്പടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോയ ട്വന്റി 20 2015ലെ തദ്ദേശ തിരഞ്ഞെടുപ്പലിൽ‍ മത്സരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കിഴക്കമ്പലം പഞ്ചായത്തിൻറെ ഭരണം ട്വന്റി 20ക്ക് കീഴിൽ. തൊട്ടടുത്ത തദ്ദേശ തിരഞ്ഞെടുപ്പായപ്പോഴേക്ക് സമീപ പഞ്ചായത്തുകളിലേക്കും ട്വന്റി 20 പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു  ട്വന്റി 20യ്ക്കെതിരെ നിലപാടെടുത്തത്. എറണാകുളം ജില്ലയിൽ കോൺഗ്രസിൻറെ മേൽക്കൈയ്ക്ക് ട്വന്റി 20 തിരിച്ചടി നൽകുമെന്നതിനാൽ ഇടതുപക്ഷം ഇതിനെ ഒരടവു നയമായി കണ്ടു.  ബിജെപിയും ട്വന്റി 20യെ അന്ന് പിന്തുണച്ചു. എന്നാൽ അന്ന് സ്വീകരിച്ച നിലപാട് സിപിഎമ്മിന് പിന്നീട് തിരുത്തേണ്ടി വന്നു.