kizhakkambalam-medicalstome

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ആരംഭിച്ച മെ‍ഡിക്കല്‍ സ്റ്റോര്‍ ജില്ലാ കലക്ടര്‍ അടപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്ന് ജില്ലാ വരണാധികാരിയായ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

 

കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഈ മാസം ഇരുപത്തിയൊന്നിനാണ് ട്വന്റി ട്വന്റി മെ‍ഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചത്. അന്‍പതുശതമാനംമുതല്‍ എണ്‍പതുശതമാനംവരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷം മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയതും, ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി കിഴക്കമ്പലം സ്വദേശികളായ രണ്ടുപേരാണ് ജില്ലാ വരണാധികാരിയെ സമീപിച്ചത്.

 

മെഡിക്കല്‍ സ്റ്റോറും, ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും പാര്‍ട്ടിയല്ല നടത്തുന്നതെന്നും ട്വന്റി ട്വന്റി അസോസിയേഷന്‍ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടേതെന്നുമായിരുന്നു ട്വന്റി ട്വന്റിയുടെ വാദം. ചിഹ്നങ്ങളില്‍ സാമാനതകളുണ്ടെന്നും ഭാരവാഹികള്‍ ഒന്നുതന്നെയെന്നും പരാതിക്കാരും വാദിച്ചു. രണ്ടുഭാഗത്തെയും വാദം കേട്ടശേഷം പ്രഥമദൃഷ്ട്യാ പെരുമാറ്റ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. തുടര്‍നിയമനടപടിക്കുള്ള ഒരുക്കത്തിലാണ് ട്വന്റി ട്വന്റി.

 

Violation of Election Code: Medical store closed in East