കൊച്ചി: പ്രകൃതിസ്നേഹത്തിന്റെ പച്ചപ്പുതന്നെയാണോ പി.ടി.തോമസിനെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന’ വയലാർ ഗാനത്തിലേക്ക് ആകൃഷ്ടനാക്കിയത് ? ആ തോന്നൽ ഉറപ്പിക്കുന്നൊരു ഓർമയിലായിരുന്നു കവിയുടെ മകൻ വയലാർ ശരത്ചന്ദ്രവർമ ഇന്നലെയത്രയും. ശരത് അന്നു തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ പ്രീ ഡിഗ്രി വിദ്യാർഥി. വയലാർ രാമവർമ മരിച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. വയലാറിന്റെ അവസാനകാല ഗാനങ്ങളിലൊന്നായ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...’ നാട്ടിലെങ്ങും പാട്ടാണ്. റേഡിയോകളിൽനിന്നു കാതുകളിലേക്ക് ‘കൊട്ടാരം വിൽക്കാനുണ്ട്’ സിനിമയിലെ ആ ഗാനം അലയൊലിയായ കാലം.
പുൻസൺ, ഫ്രാൻസിസ് എന്നീ സുഹൃത്തുക്കളാണ് തിരുവനന്തപുരം നഗരത്തിൽ വച്ച് ഉശിരുള്ള ആ കെഎസ്‌യു നേതാവിനെ ശരത്തിനു പരിചയപ്പെടുത്തിയത്. പി.ടി.തോമസിന് ആദ്യം കൈകൊടുത്തപ്പോഴേ ശരത്തിനൊരു ഊർജം തോന്നി. ‘എടാ’, ‘നീ’ എന്നൊക്കെ ആദ്യപരിചയത്തിലേ ഇങ്ങോട്ടു വിളിക്കുന്നത്ര അടുപ്പമായി. ‘നിന്റെ അച്ഛന്റെ പാട്ടാണ് എപ്പോഴും കേൾക്കുന്നത്’ എന്നു ശരത്തിനോടു പി.ടി. പറഞ്ഞു. അതു ‘ചന്ദ്രകളഭ’മായിരുന്നു. ഇന്നലെ പി.ടി.യുടെ അന്ത്യയാത്രയിൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കേൾപ്പിച്ച ആ സ്വപ്നസുന്ദരഗാനം.
പത്തു വയസ്സിന് ഇളപ്പമുള്ള ശരത്തിനോട് ആ കൂടിക്കാഴ്ചയിൽ പി.ടി.തോമസ് പറഞ്ഞു: ‘എടാ, ഈ മനോഹരതീരം നന്നാക്കുന്ന ദൗത്യത്തിന്റെ നേതാക്കൾ ഞങ്ങളാണ്. ഈ തീരം (കേരളം) മനോഹരമായിത്തന്നെയിരിക്കണം. കൊതി തീരുംവരെ ജീവിക്കാൻ കഴിയുന്ന തീരമാകണം. അതിനു പ്രചോദനം നൽകുന്നതു നിന്റെ അച്ഛന്റെ ഈ പാട്ടാണ്’. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ടി.യുടെ പ്രചാരണഗാനം എഴുതിക്കൊടുക്കുന്നതു വരെ നീണ്ടു ശരത്തിന്റെ ആ സ്നേഹബന്ധം. ആ ഗാനത്തെക്കുറിച്ച് അന്നു പറഞ്ഞതിന്റെ പൊരുൾ അന്ത്യംവരെ പി.ടി.
നിലനിർത്തിയതിന്റെ വിസ്മയം ശരത്തിനെ പൊതിയുന്നു. കേട്ട പാട്ടിനെ അതിന്റെ പാട്ടിനുവിടാതെ അവസാനയാത്ര വരെ മനസ്സിന്റെ അന്തപ്പുരത്തിൽ സൂക്ഷിച്ച ആ നിത്യാസ്വാദകന് അന്ത്യാഭിവാദ്യം നൽകാൻ ശരത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. അന്നു ശരത്തിനെ പരിചയപ്പെടുത്തിക്കൊടുത്ത പുൻസണും ഫ്രാൻസിസും അടുത്തിടെ ആശുപത്രിയിലെത്തി പി.ടിയെ ആശ്വസിപ്പിച്ചിരുന്നു. മലയാളനാടിന്റെ നെറ്റിയിൽ ചന്ദ്രകളഭക്കുറിവരച്ച കവിതയുടെ പൊരുളിൽനിന്നു വസുന്ധരയെ അത്രയേറെ സ്നേഹിച്ച പി.ടി. ഇന്ദ്രധനുസ്സിന്റെ തൂവൽപോലെ മായുമ്പോൾ, യാദൃശ്ചികതയുടെ സ്മാരകമായി രാഘവപ്പറമ്പിലെ വയലാർ സ്മാരകത്തിൽ ആ പേരു കൊത്തിവച്ചിട്ടുണ്ട്–ചന്ദ്രകളഭം !