പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നു കോന്നി മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലമാറ്റിയത് രാഷ്ട്രീയ വിവാദത്തിലേക്ക്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം ആരംഭിച്ചു. മെഡിക്കൽ കോളജിന് വേഗത്തില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള സാങ്കേതിക നടപടി മാത്രമാണ് സ്ഥലംമാറ്റമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു.
കേന്ദ്രസംഘം പരിശോധനയ്ക്ക് എത്താനിരിക്കെയാണ് ജനറല്‍ ആശുപത്രിയില്‍ നിന്നു നാല്‍പത്തിയേഴ് ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളജിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിച്ചത്. എന്നാല്‍ സ്ഥലം മാറ്റം സാങ്കേതിക ക്രമീകരണം മാത്രമാണെന്നും ഒരു ഡോക്ടര്‍ക്ക് പോലും കോന്നിയിലേക്ക് പോകേണ്ടി വരില്ലെന്നും ആരോഗ്യമന്ത്രി ഉറപ്പിച്ചു പറയുന്നു.
മെഡിക്കല്‍ കോളജിന് വളഞ്ഞ വഴിയിലൂടെ അംഗീകാരം നേടിയെടുക്കാന്‍ ശ്രമമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നീക്കം ജില്ലാ ആശുപത്രിയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ഉത്തരവ് പിന്‍വലിക്കണനമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ KGMOA യും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.