attack

TAGS

തിരുവല്ല കുറ്റൂരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ വീടാക്രമിച്ച് മണ്ണുമാന്തി യന്ത്രമടക്കം ഉപയോഗിച്ച് മതിൽ പൊളിച്ചു. വഴിത്തർക്കത്തെ തുടർന്നായിരുന്നു അർധരാത്രിയിലെ ആക്രമണം. വീട്ടുടമയെ വടിവാൾ കൊണ്ട് വെട്ടിയെന്നും പരാതിയുണ്ട്.

തിരുവല്ല കുറ്റൂർ തെങ്ങേലി രമണന്റെ വീടാണ് ആക്രമിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെയാണ് മുപ്പതോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി എത്തിയത്. ഗേറ്റ് പുറത്ത് നിന്ന് പൂട്ടി. തടയാൻ ചെന്ന വീട്ടുടമയെ വെട്ടി . വീട്ടിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗർഭിണിയായ മരുമകളേയും ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയമെല്ലാം പഞ്ചായത്ത് പ്രസിഡന്റ് സഞ്ജുവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചു. പൊലീസെത്തിയെങ്കിലും ഇടപെട്ടില്ലെന്നാണ് ആരോപണം. പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

രമണന്റെ വീടിന് പിന്നിലുളള അഞ്ച് വീട്ടിലേക്കാണ് മരങ്ങളടക്കം പിഴുത് വഴി വെട്ടിയത്. 30 വർഷമായി വഴിത്തർക്കമുണ്ടെന്ന് പിന്നിലെ വീട്ടുകാർ പറഞ്ഞു പിന്നിലെ അഞ്ച് വീട്ടുകാരും സിപിഎം പ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് രമണന്റെ പരാതി. സ്ഥലത്ത് നിന്ന് ഉപേക്ഷിച്ച വടിവാൾ കണ്ടെത്തി. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തു