manasa-phone

മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്കു സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്കു കോതമംഗലം സ്റ്റേഷനിലെ എസ്ഐ മാർട്ടിൻ ജോസഫിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം കണ്ണൂരിലെത്തി. 

 

13 തിരകൾ ഉപയോഗിക്കാവുന്ന തോക്കിൽ 7 തിരകൾ നിറയ്ക്കുകയും അതിൽ നാലെണ്ണം ഉതിർക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മാനസയ്ക്കു നേരെ 2 തവണ വെടിവച്ച ശേഷം രഖിൽ ഒരുവട്ടം സ്വയം നിറയൊഴിച്ചതായാണ് വ്യക്തമായത്. ഒരു വെടിയുണ്ട ലക്ഷ്യം തെറ്റിയെന്നാണു കരുതുന്നത്. 5 തിരകൾ രഖിലിന്റെ പോക്കറ്റിൽ നിന്നു കണ്ടെടുത്തു. മാനസയുടെയും രഖിലിന്റെയും ഫോൺവിളി വിവര‍ങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

 

വിശ്വസിക്കാനാകാതെ സഹപാഠികൾ

 

തൊട്ടടുത്ത നിമിഷം വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി വെടിയേറ്റു വീണതു കണ്ട നടുക്കത്തിൽ നിന്നു മുക്തരായിട്ടില്ല മാനസയുടെ സഹപാഠികൾ. വെടിയൊച്ച കേട്ട് എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനു മുൻപ് മാനസയും ഒപ്പം അപരിചിതനായ വ്യക്തിയും രക്തം ചിന്തി മരിച്ചു കിടക്കുന്നതാണു കണ്ടത്. ഒപ്പമുണ്ടായിരുന്ന 3 പേരും ഇന്നലെ പൊലീസിനു മൊഴി നൽകിയശേഷം പിന്നീട് ആരുമായും സംസാരിച്ചില്ല. 

 

രാത്രിയോടെ തന്നെ ഇവരുടെ മാതാപിതാക്കൾ സ്ഥലത്തെത്തിയിരുന്നു. രാവിലെ ആശുപത്രിയിലെത്തിയപ്പോഴും മുഖത്തെ ഭീതിമാറിയിരുന്നില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ ശേഷം ഇവർ സ്വന്തം വീടുകളിലേക്കു മടങ്ങി. കേസിലെ മുഖ്യസാക്ഷികളായ ഇവർക്ക് കൗൺസലിങിനു സൗകര്യം ഒരുക്കുമെന്നു പൊലീസ്  പറഞ്ഞു.