കണ്ണൂർ: നാടിന്റെ നൊമ്പരമായി മാറിയ ഡോ.മാനസയെ അവസാനമായി കാണാൻ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒഴുകിയെത്തിയതു ജനസാഗരം. ഇന്നലെ രാവിലെ ഏഴര മുതൽ 9.40 വരെ നാറാത്ത് രണ്ടാംമൈലിലുള്ള പാർവണം വീട്ടിൽ മാനസയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചു.
വെള്ളിയാഴ്ച വൈകിട്ട് മാനസയുടെ മരണവാർത്ത അറിഞ്ഞതിനെത്തുടർന്നുണ്ടായ നടുക്കത്തിൽ നിന്ന് നാട് ഇതുവരെ മുക്തി നേടിയിട്ടില്ല. മന്ത്രി എം.വി.ഗോവിന്ദൻ,കെ.സുധാകരൻ എംപി , എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മേയർ ടി.ഒ.മോഹനൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാർട്ടിൻ ജോർജ്, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, ബിജെപി ജില്ലാ സെക്രട്ടറി കെ.കെ.വിനോദ്കുമാർ, നേതാക്കളായ സി.സി.രതീശൻ, കെ.എൻ.മുകുന്ദൻ, അജയകുമാർ മീനോത്, പിആർ.രാജൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.
മാനസയുടെയും സഹോദരൻ അശ്വന്തിന്റെയും സുഹൃത്തുക്കളും അച്ഛൻ മാധവന്റെയും അമ്മ സബിതയുടെയും സഹപ്രവർത്തകരും വീട്ടിലെത്തി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെ മൃതദേഹം പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ സംസ്കരിച്ചു. അച്ഛൻ രഘൂത്തമനും അമ്മ രജിതയും മുത്തശ്ശി ചന്ദ്രികയും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു.