കൊല്ലം എംഎല്‍എയും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ വക്കീല്‍ നോട്ടീസയച്ച് നര്‍ത്തകി മേതില്‍ ദേവിക. എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാര്യം മേതില്‍ ദേവിക തന്നെ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു.  

 

രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു.  ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും– അവര്‍ കൂട്ടിച്ചേര്‍ത്തു.  

 

എറണാകുളത്തെ അഭിഭാഷകന്‍ മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്.  2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് മുകേഷും ദേവികയും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചത്.  നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ.  സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. ഇരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലായിരുന്നു സരിതയും മുകേഷും 2011ല്‍ വേർപിരിഞ്ഞത്.