കൊലക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയും ഷാഫിയും കണ്ണൂർ സ്വർണകടത്ത് സംഘത്തിന്റെ രക്ഷധികാരികൾ എന്ന് കസ്റ്റംസ് കോടതിയിൽ. ഒരു പാർട്ടിയെ മറയാക്കി ഇവർ സമൂഹമാധ്യമങ്ങൾ വഴി കള്ളക്കടത്ത് സംഘത്തിലേക്ക് യുവാക്കളെ ആകർഷിച്ചു. ഇവരെ ഉപയോഗിച്ച് നടത്തിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണം സ്വർണക്കടത്തിനു ഉപയോഗിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി. അർജുനെ ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി തള്ളി. വിഡിയോ റിപ്പോർട്ട് കാണാം.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു ജയിലിൽ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘം സ്വർണക്കടത്തിനു നേതൃത്വം നൽകിയെന്ന ഗുരുതര വെളിപ്പെടുത്തളാണ് കസ്റ്റംസ് കോടതിയിൽ നടത്തിയത്. അർജുൻ ആയങ്കിയുടെ കസ്റ്റഡി നീട്ടി കിട്ടാനുള്ള അപേക്ഷയിലാണ് വെളിപ്പെടുത്തൽ. സിപിഎമ്മിന്റെ പേര് നേരിട്ട് സൂചിപ്പിക്കാത്ത അന്വേഷണസംഘം ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി സമൂഹമാധ്യമങ്ങളിൽ അവതരിച്ചാണ് കള്ളക്കടത്ത് സംഘം യുവാക്കളെ ആകർഷിച്ചതെന്ന് വ്യക്തമാക്കുന്നു.
ഇവർക്കൊപ്പം ചേർന്ന യുവാക്കളെ ക്വട്ടേഷനും ഗുണ്ടായിസവുമടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന പണമായിരുന്നു സ്വർണക്കടത്തിന് ഉപയോഗിച്ചതെന്നും കസ്റ്റംസ് വെളിപ്പെടുത്തുന്നു. ഭാര്യ അമലയുടേതടക്കം മൊഴികൾ എല്ലാം അർജുൻ ആയങ്കിക്ക്
എതിരാണ്. കേസിലെ നിർണായക തെളിവായ ഫോൺ എവിടെയെന്നതിൽ അർജുൻ ഒളിച്ചു കളി തുടരുകയാണ്.
മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി അർജുനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും ഇതിനായി ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്‌ഥർ തന്നെ മർദ്ദിച്ചതായി അർജുൻ കോടതിയിൽ പറഞ്ഞു. ഇത് കോടതി രേഖപ്പെടുത്തി. അർജുനെ കൂടുതൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി കസ്റ്റംസിന്റെ അപേക്ഷ തള്ളി. ചോദ്യം ചെയ്യലിനായിൽ ഷാഫിയോട് നാളെ ഹാജരാവനാണ് കസ്റ്റംസ് നിർദേശം