ലക്ഷദ്വീപിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിന് മുന്നിൽ ഇന്നും പ്രതിഷേധ പരമ്പര. ദ്വീപിന്റെ സംസ്കാരം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. കടലിലെ സാമ്പത്തിക നേട്ടങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് കേരള മൽസ്യത്തൊഴിലാളി ഐക്യവേദിയും ആരോപിച്ചു.

ലക്ഷദ്വീപിലെ ജനാധിപത്യ വിരുദ്ധ നടപടികൾക്ക് നേതൃത്വം നൽകുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ  ഖോഡ പട്ടേലിന്റെ കോലത്തിൽ ചാണക വെള്ളമൊഴിച്ചായിരുന്നു എൽ.ജെ.ഡി, എൽ.വൈ. ജെ.ഡി പ്രവർത്തകരുടെ പ്രതിഷേധം. രാഷ്ട്രീയ അജണ്ടയാണ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സി.പി.എം സമരം.ലക്ഷദ്വീപിന്റെ സംസ്കാരത്തെയും വിശ്വാസത്തേയും അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഗുണ്ടാ നിയമം നടപ്പിലാക്കാനുള്ള നീക്കം കേന്ദ്രത്തിന്റെ അജണ്ടയാണെന്നും എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആരോപിച്ചു.

കടലുമായി ബന്ധപ്പെട്ട വ്യാവസായിക വികസനത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി നടപ്പാക്കി കടലും തീരവും കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യ വേദി ആരോപിച്ചു.വരും ദിവസങ്ങളിലും തുടർ സമരങ്ങളുണ്ടാകുമെന്ന നിലപാടിലാണ് വിവിധ സംഘടനകൾ.