kodikunnil-suresh-and-k-k-shaiju

മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ പൊട്ടിത്തെറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ഷാജു. തന്നെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ കൊടിക്കുന്നില്‍ ശ്രമിച്ചുവെന്ന് ഷാജു മനോരമ ന്യൂസിനോട് പറഞ്ഞു. സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായപ്പോള്‍ തടസം സൃഷ്ടിച്ചു പ്രഖ്യാപനം വൈകിപ്പിച്ചു. ഡല്‍ഹിയില്‍ ഇതിനായി നീക്കം നടത്തി. തന്‍റെ തോല്‍വിക്ക് കാരണക്കാരനായതുകൊണ്ടാണ്  തോല്‍വി കൊടിക്കുന്നിലിന് സമര്‍പ്പിച്ചത്. ഷാജുവിനൊന്നും ഇക്കുറി സീറ്റില്ലെന്ന് ഇന്ദിരാ ഭവനില്‍ കൊടിക്കുന്നില്‍ പരസ്യമായി പ്രഖ്യാപിച്ചു. ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായ തന്നെ കെപിസിസി സമിതികളില്‍ ഉള്‍പ്പെ‌ടുത്തുന്നതും  കൊടിക്കുന്നില്‍ തടസപ്പെടുത്തിയെന്ന് ഷാജു ആരോപിച്ചു.

 

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ േനതൃമാറ്റത്തിനായി മുറവിളി തുടങ്ങി. പ്രവര്‍ത്തകരെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്നവരെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുളള നേതാക്കള്‍ ആവശ്യപ്പെട്ടു. ഡി.സി സി പ്രസിഡന്റുമാരും രാജിവച്ചു തുടങ്ങി. കനത്തതോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, പ്രതിപക്ഷനേതാവ് സ്ഥാനം രമേശ് ചെന്നിത്തല ഒഴിയാനാണ് സാധ്യത. അങ്ങനെ വന്നാല്‍ വി.ഡി സതീശനായിരിക്കും ആദ്യ പരിഗണന. എന്നാല്‍ സതീശന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ തന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുമെന്ന ആശങ്കപ്പെടുന്നവര്‍ െഎ ഗ്രൂപ്പിലുണ്ട്. മുല്ലപ്പള്ളിക്കെതിരെയും മുറവിളി തുടങ്ങി. മുല്ലപ്പള്ളിക്ക് പകരം കെ സുധാകരന്റെ പേരാണ് എ ഗ്രൂപ്പ് നേതാവു കൂടിയായ തിരുവഞ്ചൂര്‍ മുന്നോട്ടുവയ്ക്കുന്നത്.  പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ളവര്‍ വരണമെന്നായിരുന്നു ജോസഫ് വാഴയ്ക്കന്റെ പ്രതികരണം.   ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആലസ്യം പരാജയകാരണമായെന്നും തെറ്റുകള്‍ കണ്ടെത്തി തിരുത്തണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.   

 

അതേസമയം, ആലപ്പുഴയിലെ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ഡിസിസി പ്രസിഡന്‍റ് എം.ലിജു രാജി വച്ചു. തോല്‍വിയുടെ ആഘാതത്തിനിടെ നേതൃത്വത്തിനെതിരെ വിമര്‍ശനവും രാജി സന്നദ്ധതയുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കീഴ്ഘടകം മുതല്‍ മാറ്റം വേണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.പി മുഹമ്മദ് ആവശ്യപ്പെട്ടു.  സ്ഥാനങ്ങള്‍ക്കുവേണ്ടി ബ്ലാക്ക്മെയില്‍ ചെയ്യുന്നവരും ഭീഷിപ്പെടുത്തുന്നവരും പാര്‍ട്ടിയിലുണ്ടെന്ന് തുറന്നടിച്ചാണ് സി.പി.മുഹമ്മദ് അടിമുടി മാറ്റം ആവശ്യപ്പെടുന്നത്.  വ്യക്തികളയല്ല പ്രവര്‍ത്തനശൈലിയാണ് മാണറേണ്ടതെന്ന് സി.പി. മുഹമ്മദ് പറയുന്നു.

 

പാര്‍ട്ടിയുടെ അടിത്തട്ടില്‍  കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തനം വേണമെന്നാണ്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ അഭിപ്രായം.  കോണ്‍ഗ്രസില്‍ അഴിച്ചു പണി വേണമെന്ന ആവശ്യപ്പെട്ട ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ രാജിസന്നദ്ധത വ്യക്തമാക്കി. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കര പ്രഖ്യാപിച്ചു.  തോല്‍വിക്ക് പിന്നാലെ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍  യുഡിഎഫിലും കോണ്‍ഗ്രസിലും രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.