നിയമസഭ ഉപതിരഞ്ഞെടുപ്പ് മല്‍സര രംഗത്തേക്ക് ഉടനെയില്ലെന്ന് രമേശ് പിഷാരടി. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ പിഷാരടിയുടെ പേര് ഉയര്‍ന്നുകേട്ടതിന് പിന്നാലെയാണ് വിശദീകരണം. തന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ലെന്നും പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യു.ഡി.എഫിനു ഒപ്പമുണ്ടാവുമെന്നും പിഷാരടി വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 52779 വോട്ടുനേടിയപ്പോള്‍ ബി.ജെ.പിക്ക് 43072 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് ലീഡ് 9707 വോട്ട്. ഇതുകൊണ്ടു തന്നെ പാലക്കാട്ടേ പോരാട്ടം നിര്‍ണായകമാണ്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിനോട് കടുത്ത മല്‍സരം മുന്നോട്ട് വച്ച ബിജെപി ഇത്തവണ വിജയിച്ചാല്‍ കേരള നിയമസഭയിലെ ഏക ബിജെപി എം.എല്‍.എ ഉണ്ടാകും. അതിനാല്‍ തന്നെ എന്‍.ഡി.എ ഇപ്പോഴെ മുന്നൊരുക്കങ്ങള്‍ നടത്തി തുടങ്ങിയിട്ടുണ്ട്. ഇടത് മുന്നണിയോ യു.ഡി.എഫോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
പാലാക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ മല്‍സരിപ്പിക്കാന്‍ ബി.ജെ.പിയില്‍ ആലോചന. ആലപ്പുഴ ലോക്സഭാമണ്ഡലത്തിലെ മികച്ച പ്രകടനമാണ് ശോഭയെ വീണ്ടും മല്‍സരരംഗത്തിറക്കാന്‍ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ലോക്സഭയില്‍ മല്‍സരിച്ച സി.കൃഷ്ണകുമാര്‍ സന്ദീപ് വാരിയര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞ് റായ്ബറേലി സ്വീകരിച്ചതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ പ്രിയങ്ക ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ചേലക്കരയില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും എം.പിയായി ജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെയും സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ല. പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.