കൊച്ചി∙ പേട്ടയിലെ ഫ്ലാറ്റിലേക്കു ദുരുദ്ദേശ്യത്തോടെ സ്പീക്കർ ക്ഷണിച്ചിട്ടുണ്ടെന്നും തന്റെ ഒളിത്താവളമാണതെന്നു പറഞ്ഞിട്ടുണ്ടെന്നുമാണു സ്വപ്നയുടെ മൊഴി. വ്യക്തി താൽപര്യങ്ങൾക്കു വഴങ്ങാത്തതിനാൽ സ്പീക്കർക്കു നിക്ഷേപമുള്ള, ഗൾഫിലെ മിഡിൽ ഇൗസ്റ്റ് കോളജിൽ തന്നെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. മറ്റൊരാളുടെ പേരിലാണെങ്കിലും ഫ്ലാറ്റ് സ്വന്തമാണെന്നു സ്പീക്കർ പറഞ്ഞിട്ടുണ്ട്. തന്നെ ക്ഷണിക്കുമ്പോൾ അവിടം സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാണ് ഇതു പറഞ്ഞത്. യുഎഇ കോൺസുലേറ്റിലെ പരിപാടിയിലാണു സ്പീക്കറെ ആദ്യം കണ്ടത്. സ്പീക്കർ പദവി കുറച്ചു കാലമേ ഉണ്ടാകൂ എന്നും അൽപം സമ്പാദിക്കണമെന്നും ഇക്കാര്യം കോൺസൽ ജനറലിനോടു പറയണമെന്നും ആവശ്യപ്പെട്ടതിനാൽ ഇരുവരെയും തമ്മിൽ പരിചയപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ടീമിനു സ്വർണക്കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും സ്വപ്ന സുരേഷ് മൊഴി നൽകി. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുമ്പോൾ 2020 ഡിസംബർ 16ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴിയുടെ വിശദാംശങ്ങളാണു പുറത്തു വന്നത്. ഈ മൊഴി ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ ഇഡി നൽകി.
മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാരവും സ്വാധീനവുമുള്ള വ്യക്തികളാണു ശിവശങ്കറും സി.എം. രവീന്ദ്രനും. താൻ ചെയ്യുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുടെയും രവീന്ദ്രന്റെയും അറിവോടെയാണെന്ന് ഒരിക്കൽ ശിവശങ്കർ പറഞ്ഞിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി സ്വർണവും ഇലക്ട്രോണിക് സാധനങ്ങളും കടത്തുന്നതിനെക്കുറിച്ചു ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത്, സ്റ്റാർട്ടപ് മിഷൻ സിഇഒ സജി ഗോപിനാഥ്, റെസി ജോർജ് എന്നിവരാണ് ഈ ടീം എന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മറുപടി നൽകി. മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചുള്ള കേസ് റദ്ദാക്കാൻ ഇഡി ഡപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഈ മൊഴി ഉൾപ്പെടെയുള്ള രേഖകൾ കോടതിക്കു കൈമാറിയത്.
English Summary: Swapna Suresh's new allegations against P Sreeramakrishnan