കോവിഡ് ജാഗ്രതയുടെ തിരഞ്ഞെടുപ്പ് കാഴ്ചകളാൽ സജീവമായിരുന്നു രണ്ടാംഘട്ട തിരഞ്ഞെടുപ്പും. കോവിഡ് മാർഗ്ഗ നിർദേശങ്ങൾ എല്ലാം കൃത്യമായി പാലിച്ചാണ് വോട്ടർമാർ വോട്ട് ചെയ്തു മടങ്ങിയത്.
കോവിഡിന്റെ ചങ്ങല മുറിക്കുന്ന ജാഗ്രത കാഴ്ചകൾ ആണ് ഓരോ ബൂത്തുകളിലും കണ്ടത്. മാസ്ക് ധരിക്കാതെ ഒരാൾ പോലും വന്നില്ല. വോട്ടേഴ്‌സ് സ്ലിപ്പിനും തിരിച്ചറിയൽ കാർഡിനും ഒപ്പം ഭൂരിഭാഗം വോട്ടർമാരും പേനയും കയ്യിൽ കരുതിയിരുന്നു.
യുവ വോട്ടർമാർ കുറേക്കൂടി ന്യൂജൻ ആശയങ്ങളുമായാണ് ബൂത്തിലേക്ക് എത്തിയത്. വോട്ടിങ് മെഷീനിലെ ബട്ടൺ അമർത്തേണ്ട ചൂണ്ടു വിരലിൽ ബലൂൺ ഇട്ടാണ് ചിലർ വോട്ട് കുത്തിയത്.
പോളിങ് ബൂത്തിൽ നിന്ന് ഉദ്യോഗസ്ഥർ നൽകിയ സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ അണുവിമുക്തമാക്കി എങ്കിലും കയ്യിൽ കരുതിയ സാനിറ്റൈസർ ഉപയോഗിച്ച് ഒന്ന് കൂടി ജാഗ്രത ഉറപ്പാക്കിയാണ് മിക്കവരും ബൂത്തിൽ നിന്നു മടങ്ങിയത്.