TAGS

മാഹി നിട്ടൂരിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലം തകർന്നു വീണതിന് പിന്നാലെ സൈബർ ലോകത്ത് എല്ലാ പാർട്ടികാരുടെ അണികളും സജീവം. സർക്കരാരിന്റെ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ വിനയാകുന്നത് പാലാരിവട്ടം പാലമാണ്. ഇന്നലെ വരെ അഭിമാനത്തോടെ നേട്ടമായി പറഞ്ഞ ഇടതുപക്ഷക്കാർ പാലം വീണതോടെ ഇത് കേന്ദ്രത്തിന്റെ പാലമാണെന്ന് പറഞ്ഞ് കയ്യൊഴിയിയുകയാണ് സൈബര്‍ ഇടങ്ങളില്‍. 

‘തകർന്നില്ലെങ്കിൽ ക്രെഡിറ്റ് ഞങ്ങളെടുത്തേനെ, ഇതിപ്പോൾ തകർന്നതോടെ ആ ക്രെഡിറ്റ് കേന്ദ്രം എടുത്തോളൂ.. ഈ പാലത്തിന് തുടക്കമിട്ടതും രണ്ടു ദിവസം മുൻപ് സഭയിൽ ആവേശത്തോടെ പറഞ്ഞതും ആരാണ്..?’ ‘നിങ്ങൾ ചിരിക്കേണ്ട, കോൺഗ്രസുകാരെ പാലരിവട്ടം...’ ചോദ്യങ്ങളും വാദങ്ങളും ഇങ്ങനെ നീളുന്നു. 

ഇങ്ങനെ ട്രോൾ ലോകത്ത് പാലം പണി പുരോഗമിക്കുകയാണ്. ഇതിനിടയിൽ  ‘പാലാരിവട്ടം പാലം’ എന്ന ഒറ്റവരിയിൽ പാലത്തിന്റെ ഹെലിക്യാം ചിത്രം പങ്കുവച്ച് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പങ്കുവച്ച പോസ്റ്റും വൈറലാവുകയാണ്.

നിട്ടൂരിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്‍റെ നാല് ബീമുകളാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയതിനാലും മീൻപിടുത്തക്കാർ അവിടെ നിന്ന് പോയതിനാലും വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് ധർമ്മടം പോലീസ് സ്ഥലത്തെത്തി. 

1182 കോടിയുടെ പദ്ധതിയാണിത്. കണ്ണൂരിൽ നിന്ന് മറ്റ് ജില്ലകളിലേക്കുള്ള യാത്രാ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിർമിക്കുന്നത്. പെരുമ്പാവൂരിലെ ഇ.കെ.കെ.കൺസ്‌ട്രേക്ഷൻ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്‌. 2018 നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബൈപ്പാസ് നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.