എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചിമകൊച്ചിയിൽ നിയന്ത്രണങ്ങൾ തുടരും. കോവിഡ് ക്ലസ്റ്ററുകളിൽ ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. വരും ദിവസങ്ങളിൽ ജില്ലയിൽ പ്രതിദിന ടെസ്റ്റുകളുടെയെണ്ണം ആറായിരമായി വർധിപ്പിക്കും.
ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി ക്ലസ്റ്ററിൽ പ്രാദേശിക സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെയെണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ഇതുവരെ മൂന്നുറിലേറെ പേർക്ക് ഇവിടെ വൈറസ് ബാധ കണ്ടെത്തി. നിയന്ത്രണങ്ങൾ തുടരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ രോഗവ്യാപനം രൂക്ഷമല്ലാത്ത വാർഡുകളിൽ ഇളവുകൾ നൽകും. നെല്ലിക്കുഴി, വെങ്ങോല, തൃക്കാക്കര മേഖലകളിലും പോസിറ്റീവ് കേസുകൾ കൂടിവരികയാണ്. ഫോർട്ട് കൊച്ചിയിലും ആലുവ മാർക്കറിലും ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച് നാളെ ജനപ്രതിനിധികളും വ്യാപാരികളുമായി ചർച്ച നടത്തും.
പ്രതിദിനം 4,700 ടെസ്റ്റുകൾ നടത്തുന്നത് ആറായിരമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. അങ്കമാലി അഡ്ലക്സ് സെന്ററിനെ സെക്കൻഡ് ലൈൻ ട്രീറ്റ്മെറ്റ് സെന്ററായി മാറ്റും. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ജില്ലയിലെ മൽസ്യബന്ധന പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. എടിഎമ്മുകളിൽ സാനിടൈസർ ലഭ്യമല്ലെങ്കിൽ ബാങ്കുകൾക്കെതിരെ നടപടിയുണ്ടാകും.