TAGS

തൃശൂരിലെ പുതിയ കോവിഡ് ബാധിതരില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങളില്ല. ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിശോധന കൂട്ടിയതാണ് രോഗവ്യാപനം കണ്ടെത്താന്‍ സഹായിച്ചത്. 

ഇരുപതില്‍ താഴെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മാത്രം തൃശൂരില്‍ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഡോക്ടറും നഴ്സും ആശവര്‍ക്കറും ആംബുന്‍സ് ഡ്രൈവറും തുടങ്ങിയവര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍, ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. ശുചീകരണ തൊഴിലാളികളിലും ചുമട്ടുതൊഴിലാളികളിലും പരിശോധന നടത്തിയിരുന്നു. കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസിലെ നാലു ചുമട്ടുതൊഴിലാളികള്‍ക്കും രോഗം കണ്ടെത്തിയത് ഇത്തരം പരിശോധനകള്‍ മുഖേനയായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍തന്നെ കൂടുതല്‍ പേര്‍ക്കു കോവിഡ് ബാധിച്ചിരിക്കാമെന്നതാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍. പൊതുജനങ്ങളുമായി സമ്പര്‍ക്കമുള്ളവരെയാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്.

ജില്ലയില്‍ രോഗബാധിതരായ 157 പേരില്‍ തീരെ രോഗലക്ഷണമില്ലാത്ത അറുപതു പേരെ മറ്റൊരു കേന്ദ്രത്തിലേയ്ക്കു മാറ്റാനും ആലോചനയുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം കണ്ടെത്തിയ ചാവക്കാട് താലൂക്ക് ആശുപത്രിയും വടക്കേക്കാട്, വെള്ളാനിക്കര, പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അടച്ചു. കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസ് ഗോഡൗണുകളും‍ അടിച്ചിട്ടുണ്ട്. കണ്ടെയ്്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളും തുടരുകയാണ്. എട്ടു പഞ്ചായത്തുകളും രണ്ടു നഗരസഭകളും കോര്‍പറേഷനിലെ പന്ത്രണ്ടു ഡിവിഷനുകളും നിയന്ത്രണങ്ങളില്‍തന്നെ.