TAGS

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ മാസ്കിന്റെ ഉപയോഗം നിർബന്ധമാക്കിയതോടെ മാസ്ക് നിർമാണവും വർധിച്ചു. വെറുതെ തുണിയെടുത്ത് ഒരു നാടയും പിടിപ്പിച്ച്  തയ്ച്ചെടുത്താൽ മാസ്ക് ആവില്ല. മാസ്കുകൾ ഒരുക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ  പാലിച്ചായിരിക്കണം നിർമാണമെന്ന് ആരോഗ്യ വകുപ്പ് പ്രത്യേകം നിർദ്ദേശിക്കുന്നു. ഇവയാണ് ആ നിർദ്ദേശങ്ങൾ.

180നു മുകളില്‍ ത്രെഡ് കൗണ്ടുളള കോട്ടണ്‍ തുണിയായിരിക്കണം മാസ്‌ക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കേണ്ടത്. മാസ്‌കിന് എറ്റവും ചുരുങ്ങിയത് രണ്ട് പാളികള്‍ ഉണ്ടായിരിക്കണം. വായയും മൂക്കും പൂര്‍ണ്ണമായും മറയ്ക്കുന്ന രീതിയിലുളള വലുപ്പത്തില്‍ ആയിരിക്കണം ഇവ നിര്‍മ്മിക്കേണ്ടത്.

ഇരുകവിളുകളിലും ഒട്ടി നില്‍ക്കുന്ന രീതിയില്‍  മാസ്‌കിന്റെ നാല് മൂലകളില്‍ നിന്നും ഇലാസ്റ്റിക്കോ അല്ലെങ്കില്‍ നാടയോ ഉപയോഗിച്ച്   തലയ്ക്ക് പുറകില്‍ കെട്ടുന്നതിനോ അല്ലെങ്കില്‍ ചെവിയില്‍ കോര്‍ത്തിടുന്നതിനോ ഉളള സൗകര്യം ഉണ്ടായിരിക്കണം. ധരിച്ച് കഴിഞ്ഞാല്‍ പുറംഭാഗത്ത് താഴോട്ട് വരുന്ന രീതിയില്‍ ആയിരിക്കണം മാസ്‌കിന്റെ പ്ലീറ്റ്‌സ് തയ്യാറാക്കേണ്ടത്.

ശ്വസനത്തിന് പ്രയാസമുണ്ടാകാത്ത തരത്തിലുളള തുണി ആയിരിക്കണം മാസ്‌ക്  നിര്‍മ്മിക്കാന്‍ ഉപയോഗിക്കേണ്ടത്. മാസ്‌ക് അണുവിമുക്തമാക്കിയതും അഴുക്ക് ഇല്ലാത്തതുമായിരിക്കണം.

മാസ്‌കിനോടൊപ്പം താഴെ പറയുന്ന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കണം: തുണി മാസ്‌കുകള്‍ മെഡിക്കല്‍ മാസ്‌കുകള്‍ അല്ല. ഇത് ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുളളതല്ല. ഈ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ തന്നെ ശാരീരിക അകലവും റെസ്പേററ്റീവ് ഹൈജീനും പാലിക്കേണ്ടതാണ്. സോപ്പ് ഉപയോഗിച്ചുളള കൈകഴുകലും സാനിറ്റൈസര്‍ ഉപയോഗവും ഇതോടൊപ്പം തന്നെ നടത്തേണ്ടതാണ്. മാസ്‌കുകള്‍ പുനരുപയോഗം നടത്താവുന്നതാണ്. കീറുകയോ  ദ്വാരം വീഴുകയോ ചെയ്താല്‍ കത്തിച്ച് നശിപ്പിച്ച് കളയേണ്ടതാണ്. ഓരോ ഉപയോഗത്തിന് ശേഷവും സോപ്പ് ലായനിയില്‍ കുതിര്‍ത്ത് നന്നായി  ഉരച്ച് കഴുകി വെയിലത്ത് ഉണക്കി ഇസ്തിരിയിട്ട് മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.